ബംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍, നടി പവിത്രഗൗഡ എന്നിവരുള്‍പ്പെടെ 13 പ്രതികളുടെ പൊലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതില്‍ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. പൊലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനല്‍കുകയായിരുന്നു.
ഞായറാഴ്ച വരെയായിരുന്നു ദര്‍ശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാല്‍ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താന്‍ നടന്‍ ദര്‍ശനും അനുയായികളും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പരാതി നല്‍കാന്‍ ഡോക്ടറോട് പൊലീസ് ആവശ്യപ്പെട്ടു. ദര്‍ശനും പവിത്രയുമുള്‍പ്പെടെ 16 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തത്. പവന്‍, വിനയ്, നടന്‍ പ്രദോഷ്, നന്ദീഷ, ദീപക്, ലക്ഷ്മണ്‍, നാഗരാജു, കാര്‍ത്തിക്, നിഖില്‍, കേശവമൂര്‍ത്തി, രാഘവേന്ദ്ര, അനു കുമാര്‍, ജഗദീഷ്, രവി എന്നിവരാണ് മറ്റുള്ളവര്‍.
ചിത്രദുര്‍ഗ് സ്വദേശിയായ രേണുകസ്വാമിയെ ബംഗളൂരുവിലേക്ക് പിടിച്ചുകൊണ്ടുവന്ന് മര്‍ദിച്ചുകൊല്ലുകയും മൃതദേഹം ഓവുചാലില്‍ തള്ളുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളില്‍ ഭൂരിഭാഗം പേരും ദര്‍ശന്‍ ഫാന്‍സ് അംഗങ്ങളാണ്. പവിത്ര ഗൗഡയെപ്പറ്റി സമൂഹ മാധ്യമത്തില്‍ മോശം സന്ദേശങ്ങളിട്ടതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് കണ്ടെത്തല്‍. പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു രേണുകസ്വാമി.