എഐ കളർ ഫോട്ടോഗ്രഫി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഫോട്ടോഗ്രാഫറെ അയോഗ്യനാക്കി 1839 അവാർഡ്സ് സംഘാടകർ. മൾട്ടി ഡിസിപ്ലിനറി ഫോട്ടോഗ്രാഫറായ മൈൽസ് അസ്‌ട്രെയാണ് എഐ ചിത്രങ്ങളുടെ മത്സര വിഭാഗത്തിൽ നിന്നും പുറത്തായത്. മത്സരത്തിൽ എഐ സൃഷ്ടിച്ച ചിത്രത്തിന് പകരം യഥാർത്ഥ ചിത്രമാണ് സമർപ്പിച്ചതെന്ന് ജൂറി കണ്ടെത്തിയതിനെത്തുടർന്നാണ് മൈൽസ് അയോഗ്യനാക്കപ്പെട്ടത്. എന്നാൽ ചിത്രം എഐ ആണോ യഥാർത്ഥമാണോ എന്ന് സംഘാടകർക്ക് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സംശയം തുടർന്നുവെങ്കിലും മത്സരത്തിൽ ചിത്രം മൂന്നാം സ്ഥാനം നേടിയിരുന്നു. സ്വന്തം തൂവലുകൾക്കിടയിലേക്ക് തല പൂഴ്ത്തി നിന്ന് ഉറങ്ങുന്ന ഒരു ഫ്ലമിംഗോയുടെ ചിത്രമായിരുന്നു മൈൽസ് മത്സരത്തിനായി സമർപ്പിച്ചത്.
അതേസമയം, എഐ സൃഷ്ടിക്കുന്ന ചിത്രങ്ങളെക്കാൾ മികച്ചത് പ്രകൃതിയിൽ നിന്നും പകർത്തുന്നത് തന്നെയാണെന്ന സന്ദേശം നൽകുവാനാണ് താൻ ഒരു യഥാർത്ഥ ചിത്രം എഐ വിഭാഗം മത്സരത്തിന് സമർപ്പിച്ചതെന്ന് അയോഗ്യനക്കപ്പെട്ട ശേഷം മൈൽസ് പറഞ്ഞു. ഇക്കാലത്ത് പല കളർ ഫോട്ടോഗ്രഫി മത്സരങ്ങളിലേക്കും എഐ ചിത്രങ്ങൾ കടന്നുവരികയും യഥാർത്ഥ ചിത്രങ്ങളെക്കാൾ അംഗീകാരം എഐ ചിത്രങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് നേരെ തിരിച്ച് എഐ വിഭാഗം മത്സരത്തിലേക്ക് ഒരു യഥാർത്ഥ ചിത്രം കൊണ്ട് വരുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചതെന്നും മൈൽസ് പറയുന്നു. പ്രകൃതിക്ക് ഒരു യന്ത്രത്തെ തോൽപ്പിക്കാൻ സാധിക്കുമെന്നും യഥാർത്ഥ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫർമാർ അംഗീകരിക്കപ്പെടണമെന്നും മൈൽസ് കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് ടൈംസിൽ നിന്നും ഗെറ്റി ഇമേജസിൽ നിന്നുമുള്ള വിദഗ്ധ സംഘമാണ് ചിത്രങ്ങൾ പരിശോധിച്ചതെങ്കിലും മൈൽസ് സമർപ്പിച്ച ചിത്രം എഐ ആണോ അല്ലയോ എന്ന കാര്യം അവർക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പശ്ചാത്തലത്തിൽ ഒരു മഞ്ഞു കാല തീരവും ഒരു ഫ്ലമിംഗോയുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിൽ ജൂറി അംഗങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവെങ്കിലും മൈൽസ് തന്റെ വെബ്സൈറ്റ് വഴി അതിനുള്ള ഉത്തരവും നൽകി. ഈ ചിത്രം ഒരു എഐ സൃഷ്ടിച്ചതാണോ അതോ ഞാൻ സൃഷ്ടിച്ചതാണോ എന്ന തരത്തിൽ ഒരു കുറിപ്പ് മൈൽസ് പങ്ക് വച്ചിരുന്നു.
ഇതിലൂടെ മൈൽസ് പറയാൻ ആഗ്രഹിക്കുന്ന ശക്തമായ സന്ദേശം ഞങ്ങൾ മനസ്സിലാക്കുന്നുവെങ്കിലും എഐ വിഭാഗത്തിലുള്ള ചിത്രങ്ങൾ പാലിക്കേണ്ട യോഗ്യതകൾ മൈൽസിന്റെ ചിത്രത്തിനില്ലെന്നും മത്സരം അതിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ നടത്താൻ സാധിക്കുവെന്നും സംഘാടകർ പറഞ്ഞു.