ബംഗളൂരു: ബലാത്സംഗകേസിൽ ഇരയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കേസിൽ കൂട്ടു പ്രതിയാണ് ഭവാനി രേവണ്ണ. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഇവർ കൂട്ടു പ്രതിയായത്. മൈസൂരുവിലും ഹാസനിലും പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രത്യേക അന്വേഷണ സംഘവുമായുള്ള സഹകരണം ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിജീവിതയുടെ മകൻ മൈസൂരുവിലെ കെ.ആർ.നഗർ പൊലീസിലായിരുന്നു പരാതി നൽകിയത്. പിന്നീട് പ്രജ്വൽ രേവണ്ണ പൊലീസ് കസ്റ്റഡിയിലാവുകയും തുടർന്ന് ജെ.ഡി.എസ് ഇയാളെ പർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രജ്വൽ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയും ലൈംഗികാതിക്രമം കാണിച്ചെന്ന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.