പട്ന: ബിഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. ബക്ര നദിക്ക് കുറുകെ നിർമിക്കുന്ന കോൺക്രീറ്റ് പാലമാണ് തകർന്നത്. പാലം ഒരു വശത്തേക്ക് ചരിഞ്ഞത് കണ്ട് ആളുകൾ തടിച്ചുകൂടുന്നതും പിന്നാലെ പാലം തകർന്നുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിൽ കുർസകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് പാലം നിർമിച്ചത്. നിർമാണക്കമ്പനിയുടെ അനാസ്ഥ മൂലമാണ് പാലം തകർന്നതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും സിക്തി എം.എൽ.എ വിജയകുമാർ ആവശ്യപ്പെട്ടു.
ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപ്പൊള്ളിച്ചാണ് പുതിയ പാലം നിർമിച്ചത്. അപ്രോച്ച് റോഡ് പുനഃസ്ഥാപിക്കാനുള്ള പണികൾ നടക്കുന്നതിനിടെയാണ് പാലം തകർന്നുവീണതെന്നും നാട്ടുകാർ പറയുന്നു.