ഓൺലൈനിൽ നിന്നും ഗെയിം കാൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ. ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് ആമസോണിൽ നിന്നും വന്ന പാക്കേജിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പാക്കേജിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പാക്കേജിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ ആർക്കും അപകടമൊന്നും സംഭവിച്ചില്ല. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആമസോണിൽ നിന്നും എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. ആമസോണിൽ നിന്നെത്തിയ പാക്കേജ് വീടിന് പുറത്ത് വയ്ക്കുന്നതിന് പകരം ഡെലിവറി ഏജന്റിന്റെ കയ്യിൽ നിന്നും ദമ്പതികൾ അത് നേരിട്ട് കൈപ്പറ്റുകയായിരുന്നു. പാക്കേജ് തുറക്കുന്നതിന്റെ ഉൾപ്പെടെ വീഡിയോ തങ്ങളുടെ കൈവശം ഉള്ളതായും കൂടാതെ ഈ സംഭവങ്ങൾക്ക് എല്ലാം ദൃസാക്ഷികളുണ്ടെന്നും ദമ്പതികൾ പറഞ്ഞു. ആമസോണിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും അവരിൽ നിന്ന് പ്രതികരണം ലഭിക്കുവാനുമായി രണ്ട് മണിക്കൂറോളം സമയമെടുത്തുവെന്നും, ഈ സാഹചര്യം തങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യേണ്ടി വന്നതായും ദമ്പതികൾ പറഞ്ഞു.
ഈ സംഭവം ശരിക്കും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടതൊന്നും കമ്പനി ചെയ്യുന്നില്ല എന്നതിന്റെ ഉദാഹരണമാണെന്നും പണം തിരികെ കിട്ടിയെങ്കിലും സാമൂഹിക മാധ്യമം വഴിയുള്ള ഒരു ക്ഷമാപണമല്ലാതെ ഔദ്യോഗികമായി കമ്പനിയിൽ നിന്നും തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ദമ്പതികൾ ആരോപിച്ചു. ഡെലിവറി പാക്കേജുകൾ സ്റ്റോർ ചെയ്യുന്നതിലും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും ഒപ്പം ഉപഭോക്താക്കളുടെ സുരക്ഷയിലും കമ്പനിക്ക് സാരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ഓർഡറിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടും ദമ്പതികളോട് ക്ഷമ ചോദിച്ചും ആമസോൺ രംഗത്തെത്തിയിരുന്നു. സംഭവം അന്വേഷിച്ച് ഉടൻ തന്നെ ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ പ്രതികരിച്ചു. അതേസമയം, വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ ആമസോൺ ഉപഭോക്താക്കൾക്ക് നൽകുന്ന സുരക്ഷയെ പലരും ചോദ്യം ചെയ്യുന്നുണ്ട്.