രോഗ നിർണയം നടത്തുന്നത് മുമ്പ് രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന് രാജ്യത്തെ ഡോക്ടർമാരോട് നിർദ്ദേശിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ആന്റിബയോട്ടിക് മരുന്നുകളുടെ അനാവശ്യമായ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ അടങ്ങുന്ന മാർഗ്ഗ രേഖ ജൂൺ 14 ന് രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് എൻഎംസി അയച്ചിരുന്നു. നിർദ്ദേശങ്ങൾ അനുസരിച്ച് സമഗ്രമായ പരിശോധന നടത്തിയും രോഗിയുടെ മുൻ ചികിത്സാ രേഖകൾ പരിശോധിച്ചതിനും ശേഷം മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ നിർദ്ദേശിക്കാവൂ. അതേസമയം, രോഗാവസ്ഥ മൂർച്ഛിച്ചവരിൽ രോഗ നിർണയം നടത്താൻ സാധിക്കാതെ വന്നാൽ ഡോക്ടർക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാം.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാർ എന്തുകൊണ്ട് അവ രോഗിയ്ക്ക് നിർദ്ദേശിക്കുന്നു എന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) ജനുവരിയിൽ പറഞ്ഞിരുന്നു. ആന്റി ബയോട്ടിക്കുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ചികിത്സയുടെ പ്രാഥമിക ഘട്ടങ്ങളിൽ തന്നെ അവ നിർദ്ദേശിക്കുന്നതും പലപ്പോഴും രോഗകാരികളിൽ മരുന്നുകളോടുള്ള പ്രതിരോധ ശേഷി ( ആന്റിമൈക്രോബിയൽ റെസിസ്റ്റന്റ് ) വർധിപ്പിക്കുന്നു. ഇത് മനുഷ്യരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും, ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും വരെ കാരണമാവുകയും ചെയ്തേക്കാം. മരുന്നുകൾക്കെതിരെ പ്രതിരോധ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ശസ്ത്രക്രിയകൾ, കീമോതെറാപ്പി, അണുബാധ എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആന്റിമൈക്രോബിയലുകൾ അല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തിയ്ക്ക് ഭീഷണിയാണെന്ന് എൻഎംസി പറയുന്നു. കൂടാതെ ന്യുമോണിയ, ക്ഷയം എന്നിവയുടെ ചികിത്സയെയും ഇത് സങ്കീർണ്ണമാക്കുന്നു.
ബാക്റ്റീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് തുടങ്ങിയ വിവിധ രോഗകാരികളിൽ നിന്നും പലവിധ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധനയിലൂടെ രോഗം കണ്ടെത്തിയതിന് ശേഷം മാത്രമേ രോഗിയ്ക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാൻ പാടുള്ളൂ എന്ന് എൻഎംസി നിർദ്ദേശങ്ങളിൽ കർശനമായി പറയുന്നു. അതുപോലെ തന്നെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിന് മുൻപ് രോഗിയുടെ മുൻകാല ചികിത്സാ രേഖകൾ പരിശോധിക്കുകയും ഒപ്പം രോഗിയ്ക്ക് നിലവിൽ പ്രമേഹം, ഏതെങ്കിലും തരത്തിലുള്ള അണുബാധ എന്നിവയുണ്ടോ എന്നും പരിശോധിച്ചിരിക്കണം. കൂടാതെ രോഗിയുടെ പ്രായം, ഭാരം, വൃക്കയുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്ത് വേണം ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാനെന്നും എൻഎംസി പറഞ്ഞു. രോഗ നിർണയത്തിലൂടെ അല്ലാതെ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുകയാണെങ്കിൽ രോഗിയ്ക്ക് സ്ഥിര പരിചരണം ലഭ്യമാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.