ന്യൂഡൽഹി: ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ ചരമ വാർഷിക ദിനത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ച് അനുസ്‌മരിച്ച കനേഡിയൻ പാർലമെന്റ് നടപടിയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. തീവ്രവാദത്തിനും അക്രമത്തിനും രാഷ്ട്രീയമായി ഇടം നൽകുന്ന എല്ലാ നീക്കങ്ങളെയും തങ്ങൾ എതിർക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വാക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ 18നാണ് ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് സമീപത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു കനേഡിയൻ പാർലമെൻ്റ് അദ്ദേഹത്തിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചത്.
നേരത്തെ നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ നിജ്ജാറിനെ അനുസ്‌മരിച്ച കനേഡിയൻ പാർലമെന്റിന്റെ നടപടിയെയും ഇന്ത്യ വിമർശിച്ചിരിക്കുന്നത്.
ഖലിസ്ഥാൻ വാദികൾക്ക് പ്രവർത്തിക്കാൻ കാനഡ ഇടം നൽകുന്നു എന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട വാദങ്ങളിലൊന്ന്. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം ഇതാണെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് കാത്വയും കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ആശങ്കകൾ ഇന്ത്യ കാനഡയെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.