ടെൽ അവീവ്: ജർമനിയിൽ നിന്ന് രാജ്യത്തേക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്‌തതിൽ ക്രമക്കേടെന്ന് ഇസ്രയേലി അന്വേഷണ കമ്മീഷൻ. ഇസ്രയേലിലേക്ക് അന്തർവാഹിനികളും മിസൈൽ ബോട്ടുകളും എത്തിച്ചതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയമവിരുദ്ധ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് കമ്മീഷൻ റിപ്പോർട്ട്.
2009നും 2016നും ഇടയിൽ നെതന്യാഹു തന്റെ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പക്കലുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പ്രധാനമന്ത്രിയായ നെതന്യാഹു ക്രമക്കേട് നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇസ്രയേലിന്റെ വിദേശ നയങ്ങളെയും സാമ്പത്തിക താത്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
2022ന് മുമ്പുള്ള ഇസ്രയേൽ സർക്കാർ, ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളുടെ തെളിവുകൾ പുറത്തുവിടുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നെതന്യാഹുവിന് ഇസ്രയേലി കമ്മീഷൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ കമ്മീഷൻ ഉയർത്തിയ വാദങ്ങളെ എതിർത്ത് നെതന്യാഹു രംഗത്തെത്തി. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇറാനെതിരെ പ്രതിരോധം ഉറപ്പാക്കുന്നതിൽ അന്തർവാഹിനികൾ ഇസ്രയേലിന്റെ സുരക്ഷയുടെ കേന്ദ്രമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ പിന്തുണച്ച് നെതന്യാഹുവിന്റെ ഓഫീസും ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നെതന്യാഹു സ്വീകരിച്ച തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഫലസ്‌തീൻ ഇസ്രയേൽ യുദ്ധത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളെയും നെതന്യാഹു പരസ്യമായി വിമർശിക്കുമോ എന്ന് വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചു. വരാനിരിക്കുന്ന യു. എസ് കോൺഗ്രസിലെ തന്റെ പ്രസംഗത്തിൽ നെതന്യാഹു ബൈഡനെ വിമർശിക്കുമോയെന്നാണ് വൈറ്റ് ഹൗസും ബൈഡനും ഭയപ്പെടുന്നത്, നെതന്യാഹു അടുത്ത മാസം കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വൈറ്റ് ഹൗസിൽ ആശങ്ക ഉയർന്നത്.