ഉപതെരഞ്ഞെടുപ്പിൽ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറൽ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടൊറന്റോയിലെ സെന്റ് പോളിൽ പാർട്ടിക്ക് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ മണ്ഡലത്തില്‍ യാഥാസ്ഥിതിക പാര്‍ട്ടി നേതാവായ ഡോണ്‍ സ്റ്റുവര്‍ട്ടാണ് വിജയിച്ചു. 42 ശതമാനം വോട്ട് നേടിയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ ലെസ്ലി ചര്‍ച്ചിനെ സ്റ്റുവര്‍ട്ട് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ 30 വര്‍ഷമായി ലിബറല്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ് പോള്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ട് നേടിയായിരുന്നു പാര്‍ട്ടി വിജയിച്ചത്. അന്ന് എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് വെറും 22 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസ്റ്റിന് ട്രൂഡോയുടെ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. 338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 155 പേരുടെ പിന്തുണയാണ് ലിബറുകള്ക്കുള്ളത്.
അതേസമയം തങ്ങള്‍ പ്രതീക്ഷിച്ച ഫലമല്ല തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ജസ്റ്റിന് ട്രൂഡോ പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകളും പരാതികളും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ജനങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രൂഡോയുടെ മുഖ്യ എതിരാളിയായ യാഥാസ്ഥിതിക നേതാവ് പിയറി പോയിലിവറും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് അദ്ദേഹം ട്രൂഡോയോട് ആവശ്യപ്പെട്ടു.
ലിബറല്‍ പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് യാഥാസ്ഥിതിക പാര്ട്ടിക്കാര് നടത്തിവരുന്നത്. കൂടാതെ ഇസ്രായേല്‍-ഹമാസ് യുദ്ധവും യാഥാസ്ഥിതിക പാര്‍ട്ടിക്കാരുടെ പ്രചരണ വിഷയമായിട്ടുണ്ട്. ഇസ്രായേലിനോട് ട്രൂഡോ കാണിക്കുന്ന മൃദു സമീപനവും യാഥാസ്ഥിതിക പാര്‍ട്ടി നേതാക്കള്‍ പ്രചരണത്തിലുടനീളം തുറന്നുകാട്ടി.