ലഖ്നൗ: അയോധ്യയിൽ ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസ് ആണ് മ്യൂസിയം നിർമ്മിക്കുക. പദ്ധതിക്ക് ചൊവ്വാഴ്ചയാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 650 കോടി രൂപ അടിസ്ഥാന സൗകര്യം, രൂപകൽപന, ഇന്റീരിയർ വർക്കുകൾ എന്നിവയ്ക്കായി നീക്കിവച്ചുവെന്നാണ് റിപ്പോർട്ട്. കൂടാതെ 100 കോടി രൂപ സ്ഥലത്തിന്റെ വികസനത്തിനായും വകയിരുത്തിയിട്ടുണ്ട്.
സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് ടാറ്റ ഗ്രൂപ്പ് ഈ ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ക്ഷേത്ര മ്യൂസിയത്തിന് ആവശ്യമായ സ്ഥലം 90 വർഷത്തെ പാട്ടത്തിന് ഒരു രൂപ നിരക്കിൽ സംസ്ഥാന സർക്കാർ ടാറ്റ ഗ്രൂപ്പിന് നൽകും. സരയൂ നദിക്ക് സമീപമുള്ള ഗ്രാമമായ മജ്ഹ ജംതാരയിലെ ടൂറിസം വകുപ്പിന്റെ സ്ഥലമായിരിക്കും ഇതിനായി കൈമാറുക.
നേരത്തെ ടാറ്റ സൺസ് പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും അവരുടെ നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഈ പദ്ധതിയുടെ രൂപരേഖ അന്തിമ അനുമതിക്കായി സംസ്ഥാനത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതാണ് യുപി ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചത്. അയോധ്യയുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ കുതിപ്പേകുന്ന തീരുമാനം കൂടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയിൽ വ്യക്തിപരമായ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ക്ഷേത്ര മ്യൂസിയം പണിയാനുള്ള സാധ്യതകൾ തെളിയുന്നത്. കഴിഞ്ഞ വർഷം നവംബറിൽ, പ്രമുഖ ആർക്കിടെക്റ്റ് ബൃന്ദ സോമയ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായി ക്ഷേത്ര നഗരത്തിലെ ഈ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചിരുന്നു.
നേരത്തെ മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ് നവീകരിക്കുന്നതിൽ സോമയ നിർണായക പങ്ക് വഹിച്ചിരുന്നു. അയോധ്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായി ക്ഷേത്ര മ്യൂസിയം മാറ്റാനാണ് പദ്ധതികൾ ഒരുങ്ങുന്നത്. ഇത് നടപ്പിലായാൽ ധാരാളം വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ഇവിടേക്ക് ആകർഷിക്കാം എന്നാണ് വിലയിരുത്തൽ.