പി.പി ചെറിയാൻ
ഹൂസ്റ്റൺ : ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ലയെന്നു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്. ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കുടൽ,.അഭിപ്രായപ്പെട്ടു
പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഒാം ബിർല ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഇൗ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. ജെയിംസ് കുടൽ കൂട്ടിച്ചേർത്തു
പത്തുവർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോകസഭയിൽ രാജ്യം കാണുന്നത്. പത്തുവർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്രപെട്ടന്ന് രാജ്യത്തെ അവരുടെ മതരാജ്യമാക്കിമാറ്റാൻ കഴിയിലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്.
ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക് ഒരു മാറ്റം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധിക്ക് കഴിഞ്ഞാൽ വരും കാലം കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയുമാകും.
സമൂഹത്തിൽ വേർതിരിവുകളും ചേരിതിരിവുകളും സൃഷ്ടിക്കുന്ന ഭരണാധികാരികളെ ശക്തിയുക്തം എതിർത്താൽ സ്വീകാര്യത ഉറപ്പാണ്. ബി.ജെ.പിക്ക് പത്തുവർഷത്തിനു ശേഷം സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ലോക്സഭയാണിത്. തെലുങ്കുദേശം പാർട്ടിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയിലാണ് മോദിയുടെ ഭരണം. വർഗീയത നിരത്തിയും ഗാന്ധി കുടുംബത്തെ ആക്ഷേപിച്ചും ഹിന്ദുത്വ അജണ്ടയിലൂന്നിയുമുള്ള മോദിയുടെ രാജ്യം ജനം വെറുത്ത് എന്നതിന് തെളിവാണ് ഇന്ത്യാ സഖ്യത്തിന്റെ സ്വീകാര്യത. കൊട്ടിഘോഷിച്ച രാമക്ഷേത്രം വരെ ചോർന്നൊലിക്കുമ്പോൾ മോദിക്കെതിരെ എതിർശബ്ദങ്ങൾ ഉയരുന്നത് കാണാനാകും.
വലിയൊരു മാറ്റം രാജ്യം ആഗ്രഹിക്കുന്നു. അതിന് പിന്നിൽ രാഹുൽ എന്നൊരു മുഖത്തിനെയും ജനം പ്രതീക്ഷിക്കുന്നുവെന്ന് വേണം കരുതാൻ. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ മനസിലേക്ക് നടന്നു കയറിയ രാഹുൽ നാളയുടെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യം രാഹുലിനായി കാത്തിരിക്കുന്നു എന്ന് വ്യക്തം. പതിനെട്ടാം ലോകസഭയിലെ 237 എന്ന നമ്പർ ഇനിയും ഉയരുമ്പോൾ, എതിർ ചേരിയിൽ കുറവുകൾ സംഭവിക്കും. ഏറ്റവും ജനപ്രീതിയുള്ള നേതാവിൽ നിന്ന് മോദി പിന്തള്ളപ്പെടുമ്പോൾ അവിടെ എഴുതി ചേർക്കപ്പെടുന്ന നാമം രാഹുലിന്റേതാകും.