ഇലക്ട്രിക് വാഹന രംഗത്ത് പുതിയ സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് വേദിയൊരുക്കി ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ (ഇന്ത്യ – ഇയു ടിടിസി). ഇന്ത്യയിലെയും യൂറോപ്പിലേയും ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തെ കൂടുതൽ വിപുലമാക്കുന്നതിനായാണ് ടിടിസി പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളിൽ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന ബാറ്ററികളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുന്ന 12 ഓളം സ്റ്റാർട്ടപ്പുകൾ പരിപാടിയുടെ ഭാഗമായി.
ശാസ്ത്ര മികവ്, വിപണി സാധ്യത, സഹകരണ മനോഭാവം എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിയാണ് 12 സ്റ്റാർട്ടപ്പുകളെ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സുസ്ഥിരമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ സാമ്പത്തിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള ഒരു നീക്കമാണ് ഈ സംരംഭമെന്ന് കേന്ദ്ര പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസറിന്റെ ഓഫീസ് അറിയിച്ചു.
ബാറ്ററി റീസൈക്ലിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസ് സംരംഭങ്ങള്‍ ഒപ്പം ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള പ്രോജക്ടുകൾ എന്നിവയും പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയും യൂറോപ്പും നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പ്രകൃതിയോടിണങ്ങുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പരിപാടിയെന്ന് യൂറോപ്യൻ കമ്മീഷനിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ജനറൽ മാർക്ക് ലെമൈറ്ററും അഭിപ്രായപ്പെട്ടു.
അടുത്ത ഘട്ടമെന്ന നിലയിൽ ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള മൂന്ന് സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്യൻ യുണിയനും ഇന്ത്യയും സന്ദർശിക്കാനുള്ള അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു. 2022 ഏപ്രിലിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് ഇന്ത്യ-ഇയു ടിടിസി പ്രഖ്യാപിച്ചത്. വ്യാപാരത്തിലും സാങ്കേതികവിദ്യയിലും ആഴത്തിലുള്ള സഹകരണം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.