അഗർത്തല: ത്രിപുരയിൽ എച്ച്.ഐ.വി ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്ക് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ‘ഇതുവരെ എച്ച്.ഐ.വി പോസിറ്റീവ് ആയ 828 വിദ്യാർഥികളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ 572 വിദ്യാർഥികൾ സുരക്ഷിതരാണ്.
അണുബാധ മൂലം ഞങ്ങൾക്ക് 47 പേരെ നഷ്ടപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി വിദ്യാർഥികൾ ത്രിപുരയിൽ നിന്ന് കുടിയേറിയവരാണ്. അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്’. മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
220 സ്കൂളുകളിൽ നിന്നും 24 കോളേജുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള വിദ്യാർഥികൾ പല മരുന്നുകൾ കഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരൊക്കെ മയക്കുമരുന്നിന് അടിമകളാണ്. ഇത് മാത്രമല്ല സമീപകാല കണക്കുകൾ പ്രകാരം മിക്കവാറും എല്ലാ ദിവസവും അഞ്ച് മുതൽ ഏഴ് വരെ പുതിയ എച്ച്.ഐ.വി കേസുകൾ കണ്ടെത്തുന്നുണ്ട്.
അണുബാധയേറ്റ സിറിഞ്ചും സൂചിയും ഉപയോഗിക്കുന്നത് പുതിയ എച്ച്.ഐ.വി കേസുകൾക്ക് കാരണമാകുന്നുണ്ട്. സ്ഥാനത്തുടനീളമുള്ള 164 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. 2024 മെയ് വരെ 8,729 ആളുകൾ ആൻ്റിട്രോവൈറൽ തെറാപ്പി കേന്ദ്രങ്ങളിലുണ്ട്. ഇതിൽ എച്ച്.ഐ.വി ബാധിതരുടെ ആകെ എണ്ണം 5,674 ആണ്. ഇവരിൽ 4,571 പേർ പുരുഷന്മാരും 1,103 പേർ സ്ത്രീകളുമാണ്. ഉദ്യോഗസ്ഥർ അറിയിച്ചു.