സിയാച്ചിനിലെ തീപിടിത്തത്തില്‍ മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ അവസാന വാക്കുകള്‍ ഓര്‍ത്തെടുത്ത് ഭാര്യ സ്മൃതി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായ കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായി നല്‍കി ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിനെ രാജ്യം ആദരിച്ചിരുന്നു. സ്മൃതിയും അന്‍ഷുമാന്‍ സിംഗിന്റെ അമ്മയും കൂടി ചേര്‍ന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഈ ആദരവ് ഏറ്റുവാങ്ങിയത്. അതിന് ശേഷം തന്റെ ഭര്‍ത്താവിനെക്കുറിച്ച് സ്മൃതി മനസ് തുറന്നു.
തന്റേത് ഒരു സാധാരണ മരണമായിരിക്കില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും മരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ ഒരു മെഡലുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി സ്മൃതി പറഞ്ഞു.
എട്ട് വര്‍ഷം നീണ്ട തങ്ങളുടെ പ്രണയത്തെപ്പറ്റിയും അന്‍ഷുമാന്‍ സിംഗിനെ ആദ്യം കണ്ട നിമിഷത്തെപ്പറ്റിയും സ്മൃതി സംസാരിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പലരും ധീരജവാന് ആദരാഞ്ജലികള്‍ നേരുകയും ചെയ്തു.
’’ കോളേജിലെ ആദ്യ ദിവസമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഒരുമാസത്തിന് ശേഷം അദ്ദേഹത്തിന് ആര്‍മ്ഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജിലേക്ക് സെലക്ഷന്‍ ലഭിച്ചു. ഒരു എന്‍ജീനിയറിംഗ് കോളേജില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടത്. ശേഷം അദ്ദേഹത്തിന് മെഡിക്കല്‍ കോളേജിലേക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. വളരെ ബുദ്ധിമാനായിരുന്നു അദ്ദേഹം. അതിന് ശേഷം എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തില്‍ വളരെ കുറച്ച് തവണ മാത്രമെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുള്ളു,’’ സ്മൃതി പറഞ്ഞു.
’’ ശേഷം വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തിന് സിയാച്ചിനിലേക്ക് മാറ്റം കിട്ടി. ജൂലൈ 18ന് ഞങ്ങള്‍ വളരെയധികം നേരം സംസാരിച്ചിരുന്നു. അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള ഞങ്ങളുടെ ജീവിതത്തെപ്പറ്റി സംസാരിച്ചിരുന്നു. വീട് വെയ്ക്കുന്നതിനെപ്പറ്റിയും ഞങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന കുഞ്ഞുങ്ങളെപ്പറ്റിയും സംസാരിച്ചു. എന്നാല്‍ 19ന് രാവിലെ എഴുന്നേറ്റ ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്,’’ സ്മൃതി പറഞ്ഞു.
എന്നാല്‍ മരണവാര്‍ത്ത കേട്ട ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ അദ്ദേഹം മരിച്ചുവെന്ന കാര്യം തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്മൃതി പറഞ്ഞു. അതിന് ശേഷവും സത്യവുമായി പൊരുത്തപ്പെടാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.
’’ എന്നാല്‍ ഇപ്പോള്‍ എന്റെ കൈയ്യിലിരിക്കുന്ന ഈ കീര്‍ത്തിചക്രയിലൂടെ എല്ലാ കാര്യവും എനിക്ക് വ്യക്തമായിരിക്കുന്നു. അദ്ദേഹം ഒരു ഹീറോയാണ്. അദ്ദേഹം തന്റെ ജീവനും കുടുംബവും മറന്ന് നടത്തിയ സേവനത്തിലൂടെ മറ്റ് മൂന്ന് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്,’’ സ്മൃതി പറഞ്ഞു.