എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിൽ ആശാവഹമായ പുരോഗതി കൈവരിച്ചതായി ശാസ്ത്രലോകം. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി അണുബാധയില്‍നിന്ന് പൂർണ പ്രതിരോധം കൈവരിക്കാനാകുമെന്ന് മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്.
എച്ച്.ഐ.വി അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി അണുബാധക്ക് സാധ്യതയുള്ളവര്‍ക്ക് നല്കുന്ന പ്രീ-എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. രണ്ട് രാജ്യങ്ങളിൽ മൂന്നിടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ യുവതികള്‍ക്ക് ഈ മരുന്നിലൂടെ പൂര്ണസുരക്ഷയൊരുക്കുന്നതായി കണ്ടെത്തി. എച്ച്.ഐ.വി ബാധ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കൻ കമ്പനിയാണ് ഗവേഷണത്തിനുപിന്നിൽ.
നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികകളേക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.