തിരുവനന്തപുരം: ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഫണ്ടില്‍ നിന്നും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചിലവഴിച്ചുവെന്ന് സി.എ.ജി കണ്ടെത്തല്‍. ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഫണ്ടില്‍ നിന്നും പണമെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് 40.28 ലക്ഷം രുപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാരാണ് ഭരണാനുമതി നല്‍കിയതെന്നും പറയുന്നു. 2019 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ചു വരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപണി, ഇന്‍ഷുറന്‍സ് മറ്റു അനുബന്ധ വസ്തുക്കള്‍ എന്നിവയ്ക്കായി 10.58 ലക്ഷം രുപയും ഈ അക്കൗണ്ടില്‍ നിന്ന് ചിലവഴിച്ചു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഡി.ജി.ഇ ഓഫിസിലെ ഉപയോഗത്തിനായി മുന്നു വാഹനങ്ങള്‍ വാടകയ്ക്ക് ഈടാക്കിയ 40.14 ലക്ഷത്തിന് പുറമേയാണ് പുതിയ കാറുകള്‍ വാങ്ങാനും മറ്റു ചിലവുകളും കുട്ടികള്‍ക്ക് നല്‍കാനുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്നും ചിലവാക്കിയത്. കൂടാതെ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിനും എ.സി, ഐപാഡുകള്‍, ടെലിവിഷന്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങുന്നതിനായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി ചിലവഴിച്ചു. കാറുകള്‍ വാങ്ങാനുള്ള ചിലവും മറ്റു അനുബന്ധ ചിലവുകളും സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്നാണ് നടത്തിയതെന്ന് സംസ്ഥാന നോഡല്‍ ഓഫിസര്‍ മറുപടി നലകിയതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 മുതല്‍ 2022 വരെ സ്‌കോളര്‍ഷിപ്പ് അക്കൗണ്ടില്‍ നിന്നും 347.04 ലക്ഷം അഡ്വാന്‍സ് എടുക്കുന്നതിന് ഡി.ജി.ഇ അനുമതി നല്‍കി. എന്നാല്‍ ഇതു സംബന്ധിച്ച് രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഓഡിറ്റിങ്ങില്‍ കണ്ടെത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരിയില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിന് അഡ്വവാന്‍സായി നല്‍കിയ 42.50 ലക്ഷം ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും കണ്ടെത്തി.
ഒരു കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സകോളര്‍ഷിപ്പ് അനുവദിച്ചെന്നും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് ആണ്‍കുട്ടികള്‍ക്കു നല്‍കിയെന്നും സി.എ.ജി കണ്ടെത്തി. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ നിരീക്ഷണ സംവിധാനം വേണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ലെന്നും ഇതിനായി അനുവദിച്ച തുക തിരിച്ചടക്കുകയാണ് ചെയ്യുന്നതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നവരുടെ ഡേറ്റാ ബേസ് സര്‍ക്കാരിന്റെ പക്കലില്ല. ഡി.ജി.ഇക്കും, ഡി.സി.ഇക്കും പ്രാദേശിക ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഇന്റേണല്‍ ഓഡിറ്റ് സംഘം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.