ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ട്.
സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.