വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന് പൊതുയോഗത്തിനിടെ വെടിയേറ്റ സംഭവത്തെ ജോ ബൈഡൻ അപലപിച്ചു. ‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ നന്ദിയുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റാലിയിൽ പങ്കെടുത്തുവർക്കുമായി ഞാൻ പ്രാർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക് സ്ഥാനമില്ല. ഇതിനെ അപലപിക്കാൻ നാം ഒരു രാഷ്ട്രമായി ഒന്നിക്കണം’ -ബൈഡൻ എക്സിൽ കുറിച്ചു.
പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ട്രംപിനു നേരെ ആക്രമണം ഉണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.
യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വെടിവെച്ചത്.