എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഫോമായുടെ 2024-’26 ഭരണസമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം യുണൈറ്റഡ്’, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബേബി മണക്കുന്നേലിന്റെ നേതൃമികവില്‍ വിജയമുറപ്പിച്ച് മുന്നേറുന്നു. അംഗസംഘടനകളുടെയും വിവിധ ഫോമാ റീജിയനുകളുടെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തിന്റെയും ആശീര്‍വാദങ്ങളും പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ടാണ് ടീം യുണൈറ്റഡ് കുതിപ്പ് തുടരുന്നത്. ഏറെ ആവേശത്തോടെയും പ്രതിജ്ഞാബദ്ധതയോടെയുമാണ് ടീം യുണൈറ്റഡ് ജനവിധി തേടുന്നത്.
റിട്ടയര്‍മെന്റ് പ്രൊജക്ട്, റീജിയനുകളുടെ ശാക്തീകരണത്തിലൂടെയുള്ള ഫോമായുടെ കെട്ടുറപ്പ്, വനിതാ-യുവജനക്ഷേമം, ബിസിനസ് ഫോറത്തിന് റീജിയന്‍ തലത്തില്‍ ശാഖകള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സിന് പുതിയ മുഖം, റീജിയന്‍ തലത്തിലെ കലാ-കായിക മത്സരങ്ങളും നാഷണല്‍ കണ്‍വന്‍ഷനില്‍ ഗ്രാന്റ് ഫിനാലെയും, അമേരിക്കന്‍ മണ്ണിലെ കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി സ്വപ്ന പദ്ധതികളാണ് ടീം യുണൈറ്റഡ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുക. കൂടാതെ അമേരിക്കന്‍ മലയാളി സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ സമയബന്ധിതമായ പരിഹാരവും ലക്ഷ്യമിടുന്നു. നാട്ടിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയും അവസരോചിതമായി ഉണ്ടാകും.
പരിണതപ്രജ്ഞരും സംഘാടന ശേഷിയുള്ളവരും സര്‍വസമ്മതരുമാണ് ടീം യുണൈറ്റഡ് പാനല്‍ അംഗങ്ങള്‍. അര്‍പ്പണ ബോധവും ജനകീയ പ്രവര്‍ത്തന പാരമ്പര്യവും ദീര്‍ഘവീക്ഷണവും മുഖമുദ്രയാക്കിയ ബേബി മണക്കുന്നേലിന്റെ ടീമിന് നടപ്പാക്കുവാനുള്ളത് നിരവധി സ്വപ്ന പദ്ധതികളാണ്. 2024-26 പ്രവര്‍ത്തന കാലഘട്ടത്തിലേക്ക് ഫോമായെ നയിക്കുവാന്‍ എന്തുകൊണ്ടും പ്രാപ്തരാണ് ടീം യുണൈറ്റഡ് എന്ന് റീജിയനുകളിലും മറ്റും അവര്‍ക്ക് ലഭിച്ച ഊഷ്മള സ്വീകരണങ്ങള്‍ തെളിയിക്കുന്നു.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സംഘാടന മികവു കൊണ്ട് ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ബേബി മണക്കുന്നേല്‍ (ഹൂസ്റ്റണ്‍) നയിക്കുന്ന ടീം യുണൈറ്റഡില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായി ബൈജു വര്‍ഗീസ് (ന്യൂജേഴ്‌സി), ട്രഷററായി സിജില്‍ ജോര്‍ജ് പാലക്കലോടി (കാലിഫോര്‍ണിയ) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാലൂ മാത്യു പുന്നൂസ് (ഫിലാഡല്‍ഫിയ) ജോയിന്റ് സെക്രട്ടറിയായി പോള്‍ പി ജോസ് (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷററായി അനുപമ കൃഷ്ണന്‍ (ഒഹായോ) എന്നിവരാണ് മല്‍സരിക്കുന്നത്. ബേബി മണക്കുന്നേല്‍ ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനവിധി തേടുമ്പോള്‍ അത് അമേരിക്കന്‍ മലയാളി ചരിത്രത്തിന്റെ പുതു അദ്ധ്യായം കുറിക്കലായിരിക്കുമെന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളം ജില്ലയിലെ പിറവം സ്വദേശിയാണ് ബേബി മണക്കുന്നേല്‍. കൊമേഴ്‌സില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ അദ്ദേഹം നാട്ടിലും വ്യത്യസ്തങ്ങളായ കര്‍മ്മ രംഗങ്ങളിലൂടെ കടന്നുപോയ വ്യക്തിത്വമാണ്. അദ്ധ്യാപകനായി ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഐ.എന്‍.ടി.യു.സി പിറവം മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പൊതുരംഗത്ത് ശ്രദ്ധേയനായി. ചെറു പ്രായത്തിലേ പഞ്ചായത്ത് മെമ്പറും കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗവുമായി. 1989-ല്‍ പിറവം താലൂക്കിനു വേണ്ടി നിരാഹാരം കിടന്ന ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്. തലയോലപ്പറമ്പ് ഡി.ബി.കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
1991-ല്‍ അമേരിക്കയിലെത്തിയ ബേബി മണക്കുന്നേല്‍ 2005, 2012 കാലഘട്ടത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റായിരുന്നു. നാല് വര്‍ഷക്കാലം ഫോമാ സതേണ്‍ റീജിയന്റെ വൈസ് പ്രസിഡന്റായും തിളങ്ങി. ഫോമായുടെ തുടക്കം മുതല്‍ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 2008-ലെ ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് ബേബി മണക്കുന്നേലിന്റെ ഊര്‍ജ്ജ്വസ്വലമായ സാന്നിധ്യം മുതല്‍ക്കൂട്ടായി.
1997-98 കാലയളവിലും 2012-ലും ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി ബേബി മണക്കുന്നേല്‍ സേവനം അനുഷ്ഠിച്ചു. 1998, 1999, 2000 വര്‍ഷങ്ങളില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറിയായി തിളങ്ങുകയും 2017-18 കാലയളവില്‍ കെ.സി.സി.എന്‍.എ-യുടെ പ്രസിഡന്റ് പദം അലങ്കരിക്കുകയും ചെയ്തു. അറ്റ്‌ലാന്റയില്‍ വച്ച് നാലായിരത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ വിജയിപ്പിച്ചത് ബേബിയുടെ സംഘടനാ ശേഷിയുടെ മകുടോദാഹരണമാണ്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്ന ബേബി മണക്കുന്നേല്‍, 2022 മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ അമേരിക്കന്‍ പ്രസിന്റായി പ്രവര്‍ത്തിച്ചു വരികയാണ്. സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ രണ്ട് ടേമുകളില്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം അമേരിക്കയില്‍ ആദ്യമായി മലയാളികളുടെ ഇടയില്‍ ആരംഭിച്ച റിട്ടയര്‍മെന്റ് റിസോര്‍ട്ട് എന്ന മോഹസംരംഭം നടപ്പിലാക്കി. ഹൂസ്റ്റണില്‍ ക്‌നാനായ ഹോംസിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ അസുലഭ നേട്ടം. ഹൂസ്റ്റണിലെ മിസോറി സിറ്റിയില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍ ഏതാണ്ട് നാല്പതോളം റിട്ടയര്‍മെന്റ് ഹോംസ് നിര്‍മ്മിക്കുവാന്‍ സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തന സപര്യയിലെ അഭിമാനകരമായ മുന്നേറ്റങ്ങളാണ്.
ഇങ്ങനെ അമേരിക്കയിലെത്തിയ നാള്‍ മുതല്‍ വിവിധ മലയാളി സംഘടനകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ബേബി മണക്കുന്നേലിനെ ഫോമാ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അമേരിക്കന്‍ മലയാളികള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നാതാണ് പൊതു വികാരം. ബിസിനസ് രംഗത്തും ശോഭിക്കുന്ന ബേബി മണക്കുന്നേലിന്റെ ഭാര്യ ആനി റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ആണ്. മൂത്ത മകന്‍ ഫില്‍മോന്‍ പ്രൈം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും ഇളയ മകന്‍ ജോയല്‍ ജോസഫ് ഐ.ടി. രംഗത്തും പ്രവര്‍ത്തിക്കുന്നു. മരുമകള്‍ ജെന്നിഫര്‍ (ഡോക്ടര്‍ ഓഫ് പാര്‍മസി). കൊച്ചുമകള്‍ ജിയാന ആന്‍ ബേബി.
ടീം യുണൈറ്റഡിനെ വിജയിപ്പിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തന മികവ് ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താമെന്നും മാത്രമാണ് ‘ടീം യുണൈറ്റഡ്’ വാക്കു നല്‍കുന്നത്. നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം മുന്നോട്ട് വയ്ക്കുന്നില്ല. ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വര്‍ഷം ഫോമായില്‍ കാഴ്ചവച്ച് പരിചയസമ്പന്നരായ ആറു സ്ഥാനാര്‍ഥികളും അവകാശപ്പെടുന്ന ആറുപേരെയും ഫോമായുടെ നന്മയ്ക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിക്കുന്നു.