എഡ്മിന്റൻ : കാനഡയുടെ ചരിത്രത്തിൽ ആദ്യമായി എഡ്മിന്റൻ നേർമയുടെ ആഭിമുഖ്യത്തിൽ മലയാളി വനിതകൾക്ക് വേണ്ടി ശനിയാഴ്ച നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റ്, നിരവധി വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും നിറഞ്ഞ ജനസാന്നിധ്യം കൊണ്ടും വൻശ്രദ്ധയാകർഷിച്ചു.
ജൂലൈ 13-നു കോറോണേഷൻ ഗ്രൗണ്ടിൽ അണിനിരന്ന വനിതാ ടീമുകൾക്ക് ആശംസയർപ്പിക്കാൻ Ms. Heather McPherson, MP എത്തിച്ചേർന്നിരുന്നു. ഇത്രയും വിജയകരമായി സംഘടിപ്പിച്ച ഈ ടൂർണമെന്റ് സ്ത്രീശാക്തികരണത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് Ms.Heather കൂട്ടിച്ചേർത്തു. കാണികൾക്ക് ആവേശം പകർന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എഡ്മിന്റൻ ഡ്രീം ക്യാചേഴ്സ് വിമൻസ് ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനവും എഡ്മിന്റൻ ബ്ലാസ്റ്റേഴ്സ് വിമൻസ് ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കാനഡയിൽ തന്നെ മലയാളി വനിതകൾക്ക് വേണ്ടി ഇങ്ങനെ ഒരു ടൂർണമെന്റ് ആദ്യമായി സംഘടിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നേർമയുടെ സംഘാടകർ. ഈ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് വനിതാ ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് മറ്റു പല മലയാളി സംഘടനകളും.
വാർത്ത : ജോസഫ് ജോൺ കാൽഗറി