വയനാട്ടിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് മഴമാപിനികൾ മുഖേന മഴയുടെ വിവരശേഖരണം നടത്തുന്നത്. കളക്ടറേറ്റിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 200-ലധികം മഴമാപിനികളാണ് സ്ഥാപിച്ചത്.
മഴമാപിനി, ഒരു പ്രദേശത്ത്, ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം അളവ് മഴ ലഭിച്ചു എന്നത് അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്. ഒരു നിശ്ചിത വായ് വട്ടമുള്ള ചോർപ്പും (Funnel), അതിനടിയിൽ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴൽപ്പാത്രവും (cylinder) ആണ് മഴമാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴൽപാത്രത്തിൻ്റെ ഒരു വശത്ത് താഴെ നിന്നു മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററിൽ രേഖപ്പെടുത്തിയിരിക്കും.
ജില്ലയുടെ വ്യത്യസ്ത ഭൂഘടന അനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാ സ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന മഴയുടെ അളവ് കണക്കാക്കി മുന്നറിയിപ്പുകൾ നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയും. മഴമാപിനിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ജില്ലയിൽ “ഡിഎം സ്യൂട്ട്” (DM Suite) എന്ന പേരിൽ വെബ്സൈറ്റും ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ ആദ്യ മഴമാപിനി വെബ്സൈറ്റാണിത്. മഴമാപിനികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആപ്പ് മുഖേന ലഭ്യമാകുന്നതിനാൽ വേഗത്തിൽ മഴ മാപ്പ് ക്രമീകരിക്കാനും സാധിക്കും. ഓരോ ഭൂപ്രദേശത്തും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും സാധിക്കും.
മേപ്പാടി, ബ്രഹ്മഗിരി, കമ്പമല്ല, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി തുടങ്ങിയ ഉയരം കൂടിയ പ്രദേശങ്ങളിലും, കുറഞ്ഞ അളവ് മഴ ലഭിക്കുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി പ്രദേശങ്ങളിലും മഴമാപിനികളിലൂടെ നിരീക്ഷണം നടത്തുന്നു. 600 മില്ലിമീറ്ററിൽ കൂടുതൽ മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുർബല പ്രദേശമായി കണക്കാക്കും.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ കണ്ടെത്തി പ്രതിരോധിക്കാൻ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിലൂടെ മുന്നാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപോഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഖലശ്രീ പറഞ്ഞു. ഇത്തരം ഒരു പദ്ധതിയിലൂടെ, മഴമാപിനികൾ വയനാട്ടിൽ വെറും മഴമാപിനികൾ മാത്രമല്ല, എന്നാൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണത്തിൽ ഒരു പുതുആശയം കൂടെ സൃഷ്ടിക്കുന്നു.