നാറ്റോയുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിന്’ എന്ന് വിശേഷിപ്പിച്ചത് വാര്‍ത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടന്‍തന്നെ അദ്ദേഹം സെലന്‍സ്കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പല നേതാക്കള്‍ക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഇത്തരം മറവികളും നാവുപിഴകളും സംഭവിക്കാറുണ്ട്.
ഒറ്റപ്പെട്ട ചില മറവികള്‍ എല്ലാവര്ക്കും ഉണ്ടാകാം. ഒരേസമയം ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ അവയില്‍ ചിലത് പെട്ടെന്ന് തലച്ചോറില്‍ പതിയണമെന്നില്ല. ചില കാര്യങ്ങള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനും ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍, അല്പം ശാന്തമായി സമയമെടുത്ത് ചിന്തിക്കുന്നതോടെ മറന്നുപോയ കാര്യങ്ങള്‍ പെട്ടെന്നുതന്നെ ഓര്‍മയിലേക്ക് മടങ്ങിയെത്തും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട മറവികളെ ഭയപ്പെടേണ്ടതില്ല. അവ തീര്‍ത്തും സാധാരണമാണ്.
പോഷകാഹാരക്കുറവ്, ശരീരത്തില്‍ ലവണങ്ങളുടെ അളവിലെ വ്യത്യാസം, തൈറോയ്ഡ് പോലെയുള്ള ഹോര്‍മോണുകളുടെ അളവ് കുറയുന്നത് എന്നിവയൊക്കെ ഓര്‍മക്കുറവിന് കാരണമായേക്കാം. വിഷാദരോഗം ബാധിച്ച വ്യക്തികള്‍ക്കും മറവി സംഭവിക്കാം. എന്നാല്‍ ഇവയൊന്നും മറവി രോഗമോ മേധാക്ഷയമൊ അല്ല എന്ന് മനസ്സിലാക്കണം. ഇക്കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മറവി ശാരീരിക, മാനസിക പ്രശ്നങ്ങളെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതോടെ മാറും.
പകല്‍ സമയത്ത് നാം വായിക്കുകയോ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന വിവരങ്ങള്‍ തലച്ചോറില്‍ കൃത്യമായി സ്ഥാപിച്ചെടുക്കുന്ന പ്രക്രിയ സംഭവിക്കുന്നത് രാത്രിയില്‍ ഉറക്കത്തിന്റെ സമയത്താണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ തടസ്സമില്ലാത്ത സുഖനിദ്ര ഉറപ്പുവരുത്തേണ്ടത് ഓര്‍മശക്തി നിലനില്ക്കാന് അത്യാവശ്യമാണ്. ആറുമണിക്കൂറെങ്കിലും തടസ്സമില്ലാത്ത നിദ്ര ലഭിച്ചാല്‍ ഓര്‍മകളുടെ സ്ഥാപനം ഫലപ്രദമായി നടക്കും.
മാനസിക സമ്മര്‍ദവും ഉത്കണ്ഠയുമാണ് പൊടുന്നനെ മറക്കാനുള്ള മറ്റൊരു പ്രധാന കാരണം. മനസ്സ് ഉത്ക്കണ്ഠാഭരിതമായിരിക്കുന്ന സമയത്ത് പുതിയ വിവരങ്ങള്‍ സ്വീകരിക്കാന്‍ തലച്ചോറിന് ബുദ്ധിമുട്ടുണ്ടാകും. മനസ്സിനെ ശാന്തമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന റിലാക്സേഷന് വ്യായാമങ്ങള്‍ പരിശീലിക്കുന്നത് ഗുണകരമാണ്.
പ്രായം കൂടുമ്പോള്‍ ഓര്മ കുറയില്ലേ? പലരുടെയും സ്വാഭാവികമായ സംശയമാണിത്. പ്രായം വര്‍ധിക്കുന്നതനുസരിച്ച് തലച്ചോറിലെ ചില കോശങ്ങള്‍ ജീര്‍ണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കൃത്യമായ ഉറക്കവും ചിട്ടയായ വ്യായാമവും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും സജീവമായ വിനോദങ്ങളും സൂക്ഷിക്കുന്ന വ്യക്തികള്‍ക്ക് ഒരു പരിധിവരെ ഇതുമൂലം ഉണ്ടാകുന്ന മറവിയെ പ്രതിരോധിക്കാന്‍ സാധിക്കും.
ദിവസേന അരമണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം ഉറപ്പുവരുത്തുന്നത് ഓര്മ നിലനിര്‍ത്താന്‍ സഹായകമാണ്.
കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തികള്‍ക്ക് തലച്ചോറിലെ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലായിരിക്കും. ഡോപമിന്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിക്കാന്‍ സഹായിക്കും.