വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ കമലാ ഹാരിസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ നടത്തിയ പരാമര്‍ശത്തിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ട്രംപ് തിരിച്ചടിച്ചു.
അമേരിക്കയെ ഭരിക്കാന്‍ കമലാ ഹാരിസ് യോഗ്യയല്ലെന്നും, കമല ‘തീവ്ര ഇടതുപക്ഷകാരി’യാണെന്നും ട്രംപ് വിമര്‍ശിച്ചു.
വക്രബുദ്ധിക്കാരനായ ജോ ബൈഡനും, എപ്പോഴും കള്ളം പറയുന്ന കമല ഹാരിസും രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്നും ട്രംപ് പരിഹസിച്ചു. ഇതുപോലൊരു ഭരണകാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറയുന്നു. കമലയെ വിശ്വസിക്കാനാകില്ലെന്നും അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്നും തീവ്ര ഇടതുപക്ഷ നിലപാടുകാരിയാണെന്നും ട്രംപ് പറഞ്ഞു.
വക്രബുദ്ധിക്കാരനായ ജോ ബൈഡനെപ്പോലെ, കമലാ ഹാരിസും ഭരിക്കാന്‍ യോഗ്യയല്ല. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കും.കമലയ്ക്ക് ലഭിക്കുന്ന വോട്ട് നാല് വര്‍ഷത്തെ സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, ബലഹീനത, പരാജയം എന്നിവയ്ക്കുള്ള വോട്ടാണെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.