വില്ലുപുരം: പാഴ്സൽ വാങ്ങിയ ഊൺ പൊതിയിൽ അച്ചാർ വെക്കാത്തതിന് ഹോട്ടലുടമ പിഴയായി നൽകേണ്ടത് 35,000 രൂപ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ബാലമുരുകൻ റെസ്റ്റൊറന്‍റ് ഉടമയാണ് പിഴ നൽകേണ്ടത്. വാലുദറെഡ്ഡി സ്വദേശിയായ ആരോഗ്യസ്വാമിയാണ് പരാതി നൽകിയത്.
2022 നവംബർ 28 നായിരുന്നു സംഭവം. ആരോഗ്യസ്വാമി തന്‍റെ ബന്ധുവിന്‍റെ ചരമവാർഷിക ദിനത്തിൽ വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി റെസ്റ്റൊറന്‍റിൽ എത്തി ഊൺ ഒന്നിന് 80 രൂപ നിരക്കിൽ 25 ഊണിന് ഓർഡർ ചെയ്തു. 11 വിഭവങ്ങൾ പാഴ്സലിൽ ഉണ്ടാകുമെന്ന് റെസ്റ്റൊറന്‍റുകാർ പറഞ്ഞിരുന്നു. പിറ്റേ ദിവസം പാഴ്സൽ വാങ്ങി. ബില്ല് ചോദിച്ചപ്പോൾ കടലാസിൽ എഴുതി നൽകുകയും ചെയ്തിരുന്നു.
വയോജനമന്ദിരത്തിൽ എത്തി ഭക്ഷണം വിതരണം ചെയ്തപ്പോഴാണ് പൊതിയിൽ അച്ചാർ ഇല്ലെന്ന് മനസ്സിലായത്. റെസ്റ്റൊറന്‍റുകാരോട് അന്വേഷിച്ചപ്പോൾ അച്ചാർ ഒഴിവാക്കിയെന്നാണ് ഉടമ പറഞ്ഞത്. ഒരു രൂപ വിലയുള്ള അച്ചാർ പാക്കറ്റുകൾ വെക്കാത്തതിന് 25 രൂപ തിരിച്ചു നൽകണമെന്ന് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. ഇതിന് തയാറാകതിരുന്നതോടെ വാക്കുതർക്കമായി. ഇതോടെ ആരോഗ്യസ്വാമി വില്ലുപുരം ജില്ല ഉപഭോക്തൃ പരാതി സമിതിയെ സമീപിക്കുകയായിരുന്നു.
ആരോഗ്യസ്വാമിക്ക് 30,000 രൂപ നഷ്ടപരിഹാരവും, വ്യവഹാരച്ചെലവിന് 5000 രൂപയും, അച്ചാറിന് 25 രൂപയും നൽകാനും വാങ്ങിയതിന്‍റെ യഥാർത്ഥ രസീത് നൽകാനുമാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി 45 ദിവസം സമയം റെസ്റ്റൊറന്‍റുകാർക്ക് നൽകിയിട്ടുണ്ട്.