Monday, December 23, 2024

HomeNewsKeralaഅച്ഛനെ കൂടുതൽ ഇഷ്ടം, മൂന്നുവയസ്സുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്​തെന്ന അമ്മയുടെ പരാതി വ്യാജം

അച്ഛനെ കൂടുതൽ ഇഷ്ടം, മൂന്നുവയസ്സുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്​തെന്ന അമ്മയുടെ പരാതി വ്യാജം

spot_img
spot_img

കൊച്ചി: തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്​തെന്ന അമ്മയുടെ പരാതി വ്യാജമാണെന്ന്​ ഹൈകോടതി കണ്ടെത്തി. പിതാവിനെതിരെ മംഗലപുരം പൊലീസ് ര‌ജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർനടപടികൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് റദ്ദാക്കി. വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാനും ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവ് നൽകിയ ഹരജി അനുവദിച്ചാണ് നടപടി.

അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്നും മജിസ്ട്രേറ്റ് കോടതിയിൽ കുട്ടി നൽകിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. വ്യാജ പരാതിയിൽ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണർത്തുമെന്നച്ഛനെയാണെനിക്കിഷ്ടം…’ എന്ന പാട്ടും ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. വിവാഹത്തർക്കങ്ങൾക്ക് ബലംകിട്ടാൻ കുട്ടികളെ ആയുധമാക്കുന്ന തെറ്റായ പ്രവണത വർധിക്കുന്നതായും കോടതി വിലയിരുത്തി.

2015ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെയും മകളെയും കാണാനില്ലെന്ന് യുവാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വിളിപ്പിച്ചപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്. ജോലിസ്ഥലത്തുനിന്ന് വാരാന്ത്യത്തിൽ വീട്ടിലെത്തുന്ന ഭർത്താവ് മടങ്ങിയശേഷം കുട്ടി അസ്വാഭാവികമായി പെരുമാറിയെന്നും കുട്ടിയുടെ ദേഹപരിശോധന നടത്തിയപ്പോൾ കുട്ടിയെ ഭർത്താവ് ഉപദ്രവിക്കുന്നതായി സംശയം തോന്നിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. ഒരിക്കൽ മറഞ്ഞുനിന്ന് നേരിട്ട് കണ്ടതോടെ തന്റെ മാതാപിതാക്കളെ അറിയിച്ച്​ ചോദ്യംചെയ്​തു. എന്നാൽ, തട്ടിക്കയറിയ ഭർത്താവ് വിവാഹമോചന ഭീഷണിയുമായി വീട്ടിൽനിന്നിറങ്ങിയെന്നായിരുന്നു യുവതിയുടെ മൊഴി. തുടർന്നെടുത്ത പോക്സോ കേസാണ് കോടതിയിലെത്തിയത്.

പീഡനത്തെക്കുറിച്ച് സംശയം തോന്നിയപ്പോഴും നേരിട്ട് കണ്ടപ്പോഴും യുവതി പരാതി നൽകിയിട്ടില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മൂന്നുമാസത്തിനുശേഷം ഭർത്താവ് പൊലീസിനെ സമീപിച്ചപ്പോൾ മാത്രമാണ് പരാതി നൽകിയത്. കുട്ടിയെ ഗൈനകോളജിസ്റ്റിനെ കാണിച്ചെന്ന് യുവതി പറഞ്ഞെങ്കിലും ഡോക്ടറുടെ പേര്​ വെളിപ്പെടുത്തിയില്ല. കുട്ടിയുടെ ദേഹത്ത് സംശയിക്കത്തക്ക പരിക്കുകളില്ലെന്ന് മെഡിക്കൽ റിപ്പോർട്ടും സ്രവസാന്നിധ്യമില്ലെന്ന് രാസപരിശോധന റിപ്പോർട്ടുമുണ്ട്. പരാതിക്കാരിയുടെയും കുടുംബത്തിന്‍റെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും പറ‌ഞ്ഞുപഠിപ്പിച്ച കാര്യങ്ങളാണ് കുട്ടി പറയുന്നതെന്നും ചൈൽഡ് ലൈനും റിപ്പോർട്ട് ചെയ്തു. വിചാരണക്കോടതിയിൽ നൽകിയ മൊഴിയിൽ അച്ഛനെയാണ് കൂടുതൽ ഇഷ്ടമെന്ന് കുട്ടി പറയുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments