തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരും. വായുസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ എട്ടു പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ഇന്നു പുലര്‍ച്ചെയാണു സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്.
പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര് ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.