കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 50 ലേറെ പേര്‍ മരിച്ചു. മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തകര്‍ന്നടിഞ്ഞ വീടുകളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതില്‍ കുന്നുകൂടിക്കിടക്കുന്ന മരത്തടികളും ചെളിയും മാലിന്യങ്ങളുമാണ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യം.
മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്.
ചൂരല്‍മലയില്‍ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം വ്യോമമാര്‍ഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാല്‍ ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാനാണ് നീക്കം. കുത്തിയൊലിച്ചു വരുന്ന പുഴയിലൂടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായതിനാല്‍ ഹെലികോപ്റ്റര്‍ എത്തിക്കാനും സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചു. വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.