സ്കൂളിൽ തോക്കുമായെത്തിയ അഞ്ചുവയസുകാരനായ നഴ്സറി വിദ്യാർത്ഥി സഹപാഠിക്കു നേരെ വെടിയുതിർത്തു. ബീഹാറിലെ സുപോൽ ജില്ലയിലുള്ള സെൻ്റ് ജോഹാൻ ബോർഡിംഗ് സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിൽ മൂന്നാം ക്ളാസിൽ പഠിക്കുന്ന പത്തു വയസുകാരനായ മറ്റൊരു വിദ്യാത്ഥിക്കാണ് വെടിയേറ്റത്. കൈയ്ക്ക് പരിക്ക് പറ്റിയ വിദ്യാത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. ബാഗിൽ ഒളിപ്പിച്ചാണ് അഞ്ചുവയസുകാരനായ വിദ്യാർത്ഥി തോക്ക് സ്കൂളിൽ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
താൻ ക്ളാസിൽ കയറാൻ പോയപ്പൊഴാണ് വെടിയുതിർത്തതെന്നും തടയാൻ ശ്രമിച്ചപ്പോൾ കൈയിൽ വെടിയേൽക്കുകയായിരുന്നെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നാം ക്ളാസുകാരൻ പറഞ്ഞു. വെടിയുതിർത്ത അഞ്ചു വയസുകാരനുമായി മറ്റൊരു തരത്തിലുള്ള വഴക്കും സ്കൂളിൽ വെച്ചുണ്ടായിട്ടില്ലെന്നും മൂന്നാംക്ളാസുകാരൻ പറഞ്ഞു.
പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെന്നും കുട്ടിക്ക് എങ്ങനെയാണ് തോക്ക് കിട്ടിയത് എന്നതിനെക്കുറിച്ചും അത് സ്കൂളിൽ എങ്ങനെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും അന്വേഷിക്കുകയാണെന്നും എസ്.പി ശൈശവ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
സുപോൽ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ ബാഗുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയതായും എസ്.പി വ്യക്തമാക്കി.
സംഭവത്തെത്തുടന്ന് അന്വേഷണ വിധേയമായി സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരനെയും കുട്ടിയുടെ അച്ഛനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം ഇത്തരം ഒരു സുരക്ഷാ വീഴ്ച സ്കൂളിൽ ഉണ്ടായതറിഞ്ഞ് മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ എത്തുകയും ശക്തമായ പ്രതിഷേധം അറിയുക്കുകയും ചെയ്തു.