തീവ്രതയേറിയ ദുരന്തങ്ങൾ നേരിട്ട് കാണുന്നവർക്കുണ്ടാകുന്ന പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ഇത്തരം ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയോ വീഡിയോകളിലൂടെയോ കണ്ടുകൊണ്ടിരിക്കുന്നവർക്കും ഉണ്ടാകാമെന്ന് ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റും നാഷണൽ കോഡിനേറ്ററുമായ ഡോ. സുൽഫി നൂഹു. 24 മണിക്കൂറും ദുരന്തവാർത്തകള് കണ്ടുകൊണ്ടിരിക്കുന്നതും അതുമാത്രം ചിന്തിക്കുന്നതുമായ മാനസികാവസ്ഥ ഒട്ടും നന്നല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ നമുക്ക് കാണാം. അത് നന്മയുടെ കുത്തൊഴുക്കിനെ കൂടുതൽ ശക്തമാക്കട്ടെയെന്നും പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിലേക്ക് തള്ളി വിട്ടേക്കാമെന്നും സുൽഫി നൂഹു കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണെടുക്കാതെ ദുരന്തം കാണുന്നവരോട്
-————————————————
ഇന്നലെ 40 വയസ്സുകാരിയായ വീട്ടമ്മക്ക് അതിശക്തമായ തലവേദന ഉറക്കമില്ലായ്മ!
അങ്ങനെ നിരവധി നിരവധി പേർ.
സംഭവം വളരെ വ്യക്തമാണ്!
കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദൃശ്യ മാധ്യമങ്ങളിലൂടെ നിരന്തരം ദുരന്ത ദൃശ്യങ്ങൾ കാണുന്നവരോടാണ്.
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ അഥവാ തീവ്രതയേറിയ ദുരന്തങ്ങൾ നേരിട്ട് കാണുന്നവർക്കുണ്ടാകുന്ന മാനസികരോഗം, അഥവാ, അവസ്ഥ ,
അവർക്ക് മാത്രമല്ല
നിരന്തരം ദൃശ്യങ്ങൾ
മാധ്യമങ്ങളിലൂടെയോ വീഡിയോകളിലൂടെയോ കണ്ടുകൊണ്ടിരിക്കുന്നവർക്കുമുണ്ടാകാമെന്ന് പഠനങ്ങൾ നിലവിലുണ്ട്.
അതുകൊണ്ടുതന്നെ ദുരന്തത്തിൽ പെട്ട് പോകണമെന്നില്ല
നേരിട്ട് കാണണമെന്നുമില്ല.
വീഡിയോകളിലൂടെയും അല്ലാതെയും നിരന്തരം ഇത്തരം വാർത്തകൾ കണ്ടുകൊണ്ടിരിക്കുന്നവരും കടുത്ത സ്ട്രെസ്സിലേക്ക് വഴുതി വീഴുന്നുണ്ട്.
അതൊന്നും കാണേണ്ടെന്നർത്ഥമില്ല
തീർച്ചയായും ചുറ്റും നടക്കുന്നതറിയണം
അതിൽ പെട്ടുപോയവരെ സഹായിക്കുവാൻ കൂടുതൽ പ്രചോദനം നൽകുമെങ്കിൽ കൂടുതൽ നന്ന് .
എന്നാൽ 24 മണിക്കൂറും ദുരന്ത വാർത്തകൾ കണ്ടുകൊണ്ടിരിക്കുന്നത് , അത് മാത്രം ചിന്തിക്കുന്ന മാനസികാവസ്ഥ ഒട്ടും തന്നെ നന്നല്ല
മറിച്ച് വയനാടിന് ചുറ്റിലും കുത്തിയൊഴുകുന്ന സഹായത്തിന്റെ സ്നേഹത്തിൻറെ നന്മയുടെ ദൃശ്യങ്ങളാകട്ടെ നാം കൂടുതൽ കൂടുതൽ കാണുന്നത്.
ചിന്നഭിന്നമായ ശരീര ഭാഗങ്ങൾ പറക്കിയെടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്.
അതൊക്കെ വീണ്ടും വീണ്ടും കാണുന്നത് തീർച്ചയായും നല്ലതല്ല തന്നെ
ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ നമുക്ക് കാണാം
അത് നന്മയുടെ കുത്തൊഴുക്കിനെ കൂടുതൽ ശക്തമാക്കട്ടെ.
പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിലേക്ക് തള്ളി വിട്ടേക്കാം.
ഡോ സുൽഫി നൂഹു