സൈമൺ വളാച്ചേരിൽ
കടൽത്തീരങ്ങളും പർവതനിരകളും നിറഞ്ഞ മനോഹര രാജ്യമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്. കരീബിയൻ മേഖലയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. വൈവിധ്യ സമ്പന്നമായ രാഷ്ട്രം എന്നതാണു ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രത്യേകത. മയാമിയിൽനിന്ന് രണ്ടു മണിക്കൂറും ന്യൂയോർക്കിൽനിന്ന് നാലു മണിക്കൂറും പ്രമുഖ യൂറോപ്യൻ നഗരങ്ങളിൽനിന്ന് എട്ടു മണിക്കൂറും ദൂരമേയുള്ളൂ എന്നതിനാൽ ഇവിടേക്കു സഞ്ചാരികൾ ഒഴുകിയെത്തുന്നു. യുഎസിൽനിന്നു മാത്രം 2.7 ദശലക്ഷത്തിലേറെ ടൂറിസ്റ്റുകളാണു വർഷംതോറും വരുന്നത്.
ഗ്രേറ്റർ ആന്റിലെസിന്റെ ഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ടോ റിക്കോയുടെ പടിഞ്ഞാറും ക്യൂബയുടെയും ജമൈക്കയുടെയും കിഴക്കുമായാണ്. യൂറോപ്യന്മാരുടെ ആദ്യത്തെ സ്ഥിരമായ അമേരിക്കൻ കോളനി ഡൊമനിക്കൻ റിപ്പബ്ലിക്കിലായിരുന്നു. ഇപ്പോഴത്തെ തലസ്ഥാന നഗരമായ സാന്റോ ഡൊമനിഗോ അമേരിക്കയിലെ ആദ്യ കോളനി തലസ്ഥാനവും.
രാജ്യത്തിന്റെ സ്വതന്ത്ര ചരിത്രത്തിൽ മിക്ക സമയങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അശാന്തിയും ഡൊമനിക്കൻ റിപ്പബ്ലിക്കിൽ അനുഭവപ്പെട്ടു. 1961-ൽ ഏകാധിപതിയായ റാഫേൽ ട്രുജിലോ അന്തരിച്ചതിനെത്തുടർന്ന് ഈ രാജ്യം ഒരു സ്വതന്ത്ര സമ്പദ്ഘടനയിലേക്കും പ്രാതിനിധ്യ ജാനാധിപത്യത്തിലേക്കും മാറി. തുടർന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഡൊമനിക്കൻ റിപ്പബ്ലിക് മാറാൻ ഇത് കാരണമായി. വർഷത്തിലുടനീളം അനുഭവപ്പെടുന്ന ഊഷ്മളമായ കാലാവസ്ഥ ഈ ദ്വീപ രാഷ്ട്രത്തെ കരീബിയൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.
അതിസങ്കീർണമാണ് ഡൊമിനിക്കൻ ജനസമൂഹം. യൂറോപ്യൻ കുടിയേറ്റക്കാരിൽ പ്രമുഖ വിഭാഗമായ സ്പാനിഷ് വംശജരും ആഫ്രിക്കൻ കറുത്ത വർഗക്കാരും അവരുടെ പിൻഗാമികളുമായി ഇടകലർന്ന ഒരു സങ്കരവർഗമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജനസമൂഹം. സ്പാനിഷ് സാംസ്കാരിക പൈതൃകത്തിൽ അധിഷ്ഠിതമാണ് റിപ്പബ്ലിക്കിന്റെ ജനജീവിതം. ഗ്രാമീണരിൽ ഭൂരിഭാഗവും കാർഷിക സമൂഹങ്ങളായി ജീവിക്കുന്നു. പരമ്പരാഗത ജീവിതശൈലി ഇവരുടെ പ്രത്യേകതയാണ്. ഗ്രാമീണരിൽ ഭൂരിഭാഗത്തിനും സ്വന്തമായി കൃഷിഭൂമിയുണ്ട്. ഇടുങ്ങിയ കൃഷിഭൂമിയിൽ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ ഗാർഹികോപയോഗത്തിനു ശേഷമുള്ളത് വിപണനം ചെയ്യുന്നു. കുടിയായ്മ സമ്പ്രദായവും നിലവിലുണ്ട്. വൻകിട മുതലാളിമാരുടെ കരിമ്പ്, കാപ്പി, കൊക്കോ തോട്ടങ്ങളിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളെയും ഇവിടെ കാണാം. ഓലമേഞ്ഞ ചെറു കുടിലുകളിലാണ് ചെറുകിട കർഷകത്തൊഴിലാളികൾ താമസിക്കുന്നത്. ഗവൺമെന്റ് പദ്ധതിപ്രകാരം ഇവർക്ക് ആധുനിക രീതിയിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ചു നല്കുന്നുണ്ട്.
സമ്പന്നമായൊരു സാംസ്കാരിക പൈതൃകത്തിനുടമകളാണ് ഡൊമിനിക്കൻ ജനത. രാജ്യത്തിന്റെ ചരിത്രം, ദേശീയത, സാംസ് കാരിക പൈതൃകം തുടങ്ങിയവയെ സംബന്ധിച്ച് തീവ്രമായ അവബോധമുള്ളവരാണ് ഡൊമിനിക്കൻ ജനത. രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാം. കൊളംബസിന്റെ ആഗമനത്തിന്റെ 500-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 1992-ൽ സ്ഥാപിച്ച കൊളംബസ് ലൈറ്റ് ഹൗസ് പ്രസിദ്ധമാണ്. മ്യൂസിയം ഒഫ് ദ് ഡൊമിനിക്കൻ മെൻ, മ്യൂസിയം ഒഫ് ദ ഹോം, കാമ്പസ് റിയൽസ് എന്നിവ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരത്താൽ സമ്പന്നമാണ്. തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ റോമൻ കാത്തലിക് കതീഡ്രൽ, കതീഡ്രൽ ബാസിലിക്ക മെനൊൻ ഡിസാന്റോമറിയ, പ്രിമാ ഡാഡീ അമേരിക്ക എന്നിവയാണ് പ്രമുഖ ചരിത്രമന്ദിരങ്ങൾ. ഫോമാ
കൺവൻഷനിൽ പങ്കെടുക്കുമ്പോൾ നമുക്കറിയണം ഈ കാർഷിക രാജ്യത്തെ…ഇവിടുത്തെ ആതിഥ്യമര്യാദയെ…സംസ്കാരത്തെ…