ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു. ശനിയാഴ്ച ഗസ്സ സിറ്റിയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ അതിക്രൂരമായ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ഗസ്സ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രായേൽ സൈന്യം േബാംബിട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
എന്നാൽ, സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗസ്സ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രായേൽ സേന ആക്രമണംനടത്തി 18 ലധികം പേരെ കൂട്ടക്കൊല ചെയ്തിരുന്നു. ഒക്ടോബറിനു ശേഷം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ 39,699 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ആക്രമണം രൂക്ഷമാക്കുന്നതിനിടെ 60,000 ഫലസ്തീനികൾ പടിഞ്ഞാറൻ ഖാൻ യൂനിസിലേക്ക് നീങ്ങിയതായി യു.എൻ വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ പറഞ്ഞു.
ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മാഈൽ ഹനിയ്യ ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം മേഖല വീണ്ടും കൂടുതൽ സംഘർഷഭരിതമാകുമെന്നാണ് കണക്കുകൂട്ടൽ.