തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തൃശൂരിലെ പുലിളി ആഘോഷം ഇത്തവണ ഉണ്ടാകില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചു. സെപ്റ്റംബർ 18ന് ആയിരുന്നു പുലികളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി രജിസ്റ്റർ ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുലികളിയും വേണ്ടെന്നു വച്ചിരിക്കുന്നത്.
നേരത്തെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകിട്ട് രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം വിരുന്ന് മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കാറുള്ളത്. നേരത്തെ പ്രളയകാലത്തും കോവിഡ് കാലത്തും ഗവര്‍ണര്‍ അറ്റ് ഹോം വിരുന്ന് ഒഴിവാക്കിയിരുന്നു. വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തിരുന്നു.
ഇതിനിടെ, ഗോവ രാജ്ഭവനിൽ സ്വാതന്ത്ര്യദിനത്തിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതായി ഗവർണർ പി എസ് ശ്രീധരൻപിള്ളയും അറിയിച്ചു. സ്വാതന്ത്ര്യദിനാചരണം ലളിതമായി നടത്തും. ആഘോഷപരിപാടികളുടെ തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഇതിനു പുറമെ ഗവർണറുടെ വ്യക്തിനിഷ്ഠ ഫണ്ടിൽനിന്നുള്ള ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.