പുന്റകാന: ഒത്തുകൂടലും ചോദ്യോത്തര വേളയുമായി ഫോമാ അംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഫോമാ അന്തർദ്ദേശീയ കൺവൻഷനോടനുബന്ധിച്ച് മൂവാറ്റുപുഴ- കോതമംഗലം സ്വദേശികളുടെ യോഗത്തിലാണ് മൂവാറ്റുപുഴ എംഎൽഎ അൽപ സമയം പങ്കിടാൻ എത്തിയത്.
രാഷ്ട്രീയ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെയും വിവാദങ്ങളെയും കുറിച്ച് അദ്ദേഹം യോഗത്തിൽ സംസാരിച്ചു. തിരിച്ചടികളെ ധൈര്യമായി നേരിട്ട അനുഭവങ്ങളും പങ്കുവെച്ചു. സത്യം ജയിക്കാൻ വേണ്ടി എന്ത് റിസ്കും എടുക്കാൻ തയ്യാറാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ഫണ്ടിങ് നൽകിയവർക്ക് വിധേയപ്പെട്ടുകൊണ്ടാണ് എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നത്. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം വേണ്ടതുകൊണ്ട് ആരെയും തെറ്റുപറയാൻ സാധിക്കില്ല. അത്തരം രാഷ്ട്രീയവഴിയിലൂടെ എത്താതിരുന്നതുകൊണ്ട് തനിക്ക് ആരോടും വിധേയത്വം ഇല്ലെന്നും കുഴൽനാടൻ പറഞ്ഞു.