കൈക്കരുത്തിന്റെയും ഉയരത്തിന്റെയും വേഗത്തിന്റെയും സമന്വയമാണ് വോളീബോൾ. വലയ്ക്ക് മുകളിലൂടെ ചാടി ഉയർന്നു പായിക്കുന്ന നിലം തുളയ്ക്കുന്ന സ്മാഷുകൾ, ആ സ്മാഷുകളെ തടുക്കാൻ കെൽപ്പുള്ള കരുത്തന്മാർ എതിർ കോർട്ടിൽ. തടുക്കുക, എതിരാളികളുടെ ബ്ലോക്കിന് മുകളിലൂടെ അടിച്ചിരിത്തുക. കായിക പ്രേമികൾക്ക് എക്കാലത്തും ആവേശമായ പതിനേഴാമത് എൻ കെ ലൂക്കോസ് വോളിബാൾ മത്സരം, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബായ നയാഗ്ര പാന്തേഴ്‌സാണ് കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.
ഓഗസ്റ്റ് മുപ്പത്തിയൊന്നിന് നയാഗ്ര ഓൺ ദി ലയ്ക്കിലെ കമ്മ്യൂണിറ്റി സെന്ററിലാണ് മത്സരങ്ങൾ നടക്കുക. അണ്ടർ 18, 40 പ്ലസ്, ഓപ്പൺ കാറ്റഗറി എന്നീ മൂന്ന് വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. കാനഡയിൽ ആദ്യമായി നടക്കുന്ന ടൂർണമെന്റിൽ വമ്പൻ ടീമുകളാണ് നേർക്ക് നേർ ഏറ്റുമുട്ടുന്നത്. ഷിക്കാഗോ കൈരളി ലയൺസ്, ഫില്ലി സ്റ്റാർസ് ഫിലാഡൽഫിയ,ഡാളസ് സ്‌ട്രൈക്കേഴ്‌സ്, റോക്‌ലാൻഡ് സോൾജിയേഴ്സ് ബഫല്ലോ, ഹൂസ്റ്റൺ ചലഞ്ചേഴ്‌സ്, കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ്, വാഷിംഗ്‌ടൺ കിങ്‌സ്, മയാമി ഹോളിവുഡ് ചലഞ്ചേഴ്‌സ്, ന്യൂ യോർക്ക് സ്‌പൈക്കേഴ്‌സ്, നയാഗ്ര പാന്തേഴ്സ്, കനേഡിയൻ ലയൺസ്, ലണ്ടൻ ഫാൽകൺസ്, ടോറോന്റോ സ്റ്റാല്ലിയൻസ്, ബ്രാംപ്ടൺ സ്പൈക്കേഴ്സ്, ഹാമിലിട്ടൻ ഡ്രീം ടീം, താമ്പാ ബേ ഈഗിൾസ് എന്നീ ടീമുകൾ കൈക്കരുതിന്റെ വേഗമളക്കും.
മത്സരം കണ്ടാസ്വദിക്കാനും, തുടർന്നുള്ള വൈകുന്നേരമുള്ള പാന്തേഴ്സ് എക്സ്ട്രാ വാഗൻസ സീസൺ 2 ബാങ്ക്വറ്റിൽ പങ്കെടുക്കുവാനും, കാനഡയിലെയും അമേരിക്കയിലെയും എല്ലാ കലാ കായിക ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി പാന്തേഴ്സ് ക്ലബ്ബിന്റെ ചെയർമാൻ തോമസ് ലൂക്കോസ് പറഞ്ഞു. ആഷ്‌ലി ജോസഫ് ആണ് ടൂർണമെന്റ് കൺവീനർ. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പയസ് – റോയ് സഹോദരന്മാരാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. മോർട്ടഗേജ് ഏജന്റായ രെഞ്ചു കോശിയാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ. ടോറോന്റോയിലെ റോയൽ കേരള ഫുഡ്‌സിലെ സജി മംഗലത്തും ആൻഡ്രൂ മംഗലത്തും ആണ് മറ്റൊരു സ്പോൺസർ.
ക്ളബ്ബിന്റെ പ്രസിഡന്റ് ടെന്നി കണ്ണൂക്കാടൻ, ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ ഷെജി ജോസഫ് ചക്കുംകൽ, അനിൽ ചന്ദ്രപ്പിള്ളിൽ, ധനേഷ് ചിദംബര നാഥ്, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ്, അനീഷ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വോളി ബോൾ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ലിറ്റി ലൂക്കോസ്, ജേക്കബ് പച്ചിക്കര, ജാക്സൺ ജോസ്, തങ്കച്ചൻ ചാക്കോ, ഡീന ജോൺ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ,അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ഷിൻ്റോ തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ബിജു അവറാച്ചൻ എന്നി കമ്മറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ലൂ എന്ന് വിളിപ്പേരുള്ള പ്രശസ്ത വോളിബാൾ താരം എൻ കെ ലൂക്കോസിന്റെ അനുസ്മരണാർത്ഥം ആണ് എൻ.കെ ലൂക്കോസ് എവർ റോളിങ്ങ് ട്രോഫി വോളിബാൾ മത്സരം സംഘടിപ്പിക്കുന്നത്. 1980-ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം, 1987-ൽ ന്യൂയോർക്കിൽ കേരള സ്‌പൈക്കേഴ്‌സ് വോളിബോൾ ടീം രൂപീകരിച്ചു. ടീമിലെ പ്രധാന കളിക്കാരനും ആയിരുന്നു. 2003 ഫെബ്രുവരി 27ന് ന്യൂജേഴ്‌സിയിൽ അപകടത്തിലാണ് എൻ കെ ലൂക്കോസ് അന്തരിക്കുന്നത്.