ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുവയസ്സുകാരന്റെ തുടയിൽ മറ്റൊരാൾക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കായംകുളം താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഗുരുതര പിഴവുമൂലം 14 വർഷം തുടർച്ചയായി എച്ച്ഐവി, ടിബി ടെസ്റ്റുകൾ നടത്തേണ്ട ദുരവസ്ഥയിലായ ഏഴുവയസുകാരന്റെ വാർത്ത ന്യൂസ് 18 കേരളമാണ് പുറത്തുകൊണ്ടുവന്നത്. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറുകയായിരുന്നു. വീഴ്ചയിൽ ആശുപത്രി ജീവനക്കാർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറി. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് പുറത്തറിഞ്ഞത്. കുട്ടിയെ വിദഗ്ധ പരിശോധയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കൾ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലിൽ ഉപേക്ഷിച്ചതാണ് പ്രശ്നമായത്.
അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തും മുമ്പ് പകർച്ചവ്യാധിപോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ വിരി ഉൾപ്പെടെ മാറ്റി ക്ലീനിംഗ് നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ ആശുപത്രി ജീവനക്കാർ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തിൽ സൂചി തുളച്ചുകയറാൻ ഇടയാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു.