കൊല്‍ക്കത്ത: അതി ക്രൂരമായ പീഢനത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ഡോക്ടറുടെ ശരീരത്തില്‍ 14 മുറിവുകള്‍. ഈ മുറിവുകളെല്ലാം ഉണ്ടായത് മരിക്കുന്നതിനു മുമ്പാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
തല, കവിളുകള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോള്, കാല്‍മുട്ട്, കണങ്കാല് എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകള്‍. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പാസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. . ‘യുവതിയുടെ ജനനേന്ദ്രിയത്തില്‍ ബലംപ്രയോഗിച്ചതിന്റെ മെഡിക്കല്‍ തെളിവുകളുണ്ട് – ഇത് ലൈംഗികാതിക്രമത്തിനുള്ള സാധ്യത വ്യക്തമാക്കുന്നതാണ്,’ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിലെ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഒടിവിന്റെ ലക്ഷണമില്ല.
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ഓഗസ്റ്റ് ഒന്‍പതിനാണ് ആണ് ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. ഡോക്ടറുടെ കൊലപാതകത്തിനു പിന്നാലെ രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭമാണ് നടക്കുന്നത്. ജനരോഷത്തിനിടയില്‍, ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് രാജിവച്ചു. തുടര്‍ന്ന് ഇയാളെ സിബിഐ ചോദ്യം ചെയ്തു.
സംഭവത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജോലിസ്ഥലങ്ങളില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക റൂമുകളും സിസിടിവി നിരീക്ഷിക്കുന്ന ‘സേഫ് സോണുകളും’ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികളാണ് പ്രഖ്യാപിച്ചത്.
അതിനിടെ, കേസ് സുപ്രീം കോടതി സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് ഓഗസ്റ്റ് 20ന് വാദം കേള്‍ക്കും.