ടൊറൻ്റോ : നഗരത്തിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ അണുബാധ സ്ഥിരീകരിച്ച് ടൊറൻ്റോ പബ്ലിക് ഹെൽത്ത് യൂണിറ്റ്. ഒരു മുതിർന്ന പൗരനാണ് അണുബാധിതനായതെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. അതേസമയം ഈ വർഷം ഒൻ്റാരിയോയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിതനായ നാലാമത്തെ ആളാണിതെന്നും ആരോഗ്യ ഏജൻസി പറഞ്ഞു.
വെസ്റ്റ് നൈൽ വൈറസ് അണുബാധയുള്ള കൊതുകിൻ്റെ കടിയിലൂടെയാണ് രോഗം പകരുന്നത്. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുക് കടിച്ച് രണ്ട് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പനി, തലവേദന, ഓക്കാനം, ഛർദ്ദി, ശരീരവേദന, ചർമ്മത്തിലെ ചുണങ്ങു, ലിംഫ് ഗ്രന്ഥികളുടെ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കീടനാശിനി ഉപയോഗത്തിലൂടെയും കൈ നീളമുള്ള ഷർട്ടുകളും പാൻ്റും ധരിക്കുന്നതിലൂടെ വെസ്റ്റ് നൈൽ വൈറസിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കുമെന്നും ടൊറൻ്റോ പബ്ലിക് ഹെൽത്ത് പറയുന്നു.