കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മ ഭരണ സമിതി രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി ഉള്‍പ്പെടെ പിരിച്ചുവിട്ടത്.
ഭരണ സമിതി പൂര്‍ണമായി രാജിവച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്ഹോക് കമ്മിറ്റി നിലവില്‍ വരും. അടുത്ത ഭരണ സമിതിയെ ജനറല്‍ ബോഡിയോഗത്തിന് ശേഷം തീരുമാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണം എന്നാണ് താരസംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി.
ഇപ്പോഴുയരുന്ന വിവാദ വിഷയങ്ങളിൽ താര സംഘടന എടുക്കുന്ന നിലപാട് പര്യാപ്തമല്ലെന്ന പരാതിയാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതൃപ്തി പരസ്യമാകുന്ന സാഹചര്യത്തില്‍ അമ്മ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടെ അഴിച്ചുപണി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.