തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യവും തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ കുടിയേറുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും എത്തിച്ചേരുന്ന രാജ്യമാണ് സ്വീഡന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീഡന്‍ വിട്ടുപോകുന്ന ഇന്ത്യാക്കാരുടെ എണ്ണം കൂടിവരികയാണ്.
2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 2837 ഇന്ത്യാക്കാരാണ് സ്വീഡന്‍ വിട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 171 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം വിടുന്നവരില്‍ അധികവും ഇന്ത്യാക്കാരാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
‘‘ഇത്തരത്തിലുള്ള ഇന്ത്യാക്കാരുടെ പിന്‍മാറ്റത്തിന് പ്രത്യേക കാരണങ്ങളുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഈ വര്‍ഷമവസാനം വരെ നിരീക്ഷിച്ച ശേഷം ഒരു നിഗമനത്തിലെത്തുന്നതാകും ഉചിതം,’’ സ്വീഡന്‍-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സെക്രട്ടറി ജനറലും സിഇഒയുമായ റോബിന്‍ സുഖിയ പറഞ്ഞു.
സ്വീഡനിലെ ഉയര്‍ന്ന ജീവിതച്ചെലവ്, താമസ സൗകര്യങ്ങളുടെ പരിമിതി, ടെക് മേഖലയിലുണ്ടായ കൂട്ടപ്പിരിച്ചുവിടല്‍ ഇവയെല്ലാം ഇന്ത്യാക്കാരുടെ പിന്‍വാങ്ങലിന് കാരണമായിരിക്കാം എന്നാണ് കരുതുന്നത്.
കൂടാതെ സ്വീഡിഷ് സര്‍ക്കാര്‍ വര്‍ക്ക്-പെര്‍മിറ്റ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും വിദേശ പൗരന്‍മാര്‍ക്ക് വെല്ലുവിളിയായിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതേസമയം 2024 ആദ്യ പകുതിയില്‍ സ്വീഡനിലേക്ക് കുടിയേറിയ ഇന്ത്യാക്കാരുടെ എണ്ണം 2461 ആയിരുന്നു. 2023ല്‍ 3681 ഇന്ത്യന്‍ പൗരന്‍മാരാണ് സ്വീഡനിലേക്ക് എത്തിയത്. സ്വീഡനിലേക്കുള്ള ഇന്ത്യന്‍ ജനതയുടെ കുടിയേറ്റത്തില്‍ കാര്യമായ കുറവുണ്ടായെന്നതിന് തെളിവാണിത്.
കാര്യം ഇതൊക്കെയാണെങ്കിലും സ്വീഡനിലേക്ക് കുടിയേറുന്ന വിദേശരാജ്യക്കാരില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യാക്കാര്‍. ഉക്രൈന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ റഷ്യ-ഉക്രൈന്‍ യുദ്ധം സ്വീഡനിലേക്കുള്ള ഉക്രൈന്‍ ജനതയുടെ കുടിയേറ്റത്തിന് ഒരു കാരണമായി.