കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരേ നടി നല്കിയ ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ മൂന്നുവരെ അറസ്റ്റ് ചെയ്യരുതെന്നു എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. . മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചിട്ടുണ്ട്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം , അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം,വാക്കുകള്‍ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരേ ചുമത്തിയിട്ടുള്ളത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എം മുകേഷിനെതിരെ കേസ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎല്‍എ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും ആണ് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിലുണ്ടാക്കിയ ധാരണ. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസും അന്നത്തെ കീഴ്വഴക്കങ്ങളും എല്ലാം ഓര്‍മ്മിപ്പിച്ചാണ് മുതിര്‍ന്ന വനിതാ നേതാക്കളുടെ വരെ പ്രതികരണം.
ഇതിനിടെ
മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതില്‍ സിപിഐക്കുള്ളിലും രൂക്ഷമായ അഭിപ്രായ വ്യത്യാസം. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രാജിയില്‍ പരസ്യ നിലപാടെടുത്തപ്പോള്‍ വ്യത്യസ്ത നിലപാടായിരുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റേത്. അടിയന്തര എക്‌സിക്യൂട്ടീവില്‍ രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം. പാര്‍ട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.