തിരുവനന്തപുരം: ബിജെപി ബാന്ധവുമായി ബന്ധപ്പെട്ട വിവാദം ഒടുവില്‍ ഇ.പി ജയരാജന്റെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറുപ്പിച്ചു. സിപിഎം തീരുമാനം ജയരാജനെ അറിയിച്ചതിനു പിന്നാലെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന് കണ്ണൂരിലേക്ക് മടങ്ങി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന് നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തില്‍ ഇപിയുമായി മൂവട്ടം ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ കാണൂരിലേക്ക് പോയത്. സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.
കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ഇ പി നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന് പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.