മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എം ആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് . കവടിയാറില്‍ 15000 ത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് പണിയുന്നതെന്ന് പി വി അന്‍വര്‍ ആരോപിച്ചു കോടികള്‍ മുടക്കിയാണ് കവടിയാറില്‍ വീട് വെക്കാന്‍ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അന്‍വര്‍ ചോദിക്കുന്നു.
എടവണ്ണക്കേസില്‍ നിരപരാധിയെ എം ആര്‍ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാന്‍ ഒരിക്കലും ഭര്‍ത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസില്‍ കള്ളമൊഴി നല്‍കാന്‍ ഭാര്യക്കുമേല്‍ പൊലീസ് വലിയതോതില്‍ സമ്മര്‍ദം ചെലുത്തി. ക്രൂരമായി മര്‍ദ്ദിച്ചു. അവര്‍ വഴങ്ങിയില്ല. മരിച്ച റിദാന്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.
സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എം ആര്‍ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോളാര്‍ കേസിലെ പ്രതികളില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോര്‍ത്തുന്നുണ്ട്. പുറത്ത് വിടാത്ത തെളിവുകള്‍ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.