റിയാദ്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഖത്തര്‍, സൗദി അറേബ്യ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രഥമ ഇന്ത്യാ- ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം സൗദിയിലെത്തിയത്.
തുടര്‍ന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തുകയും ചെയ്തു.
“സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തുകയും ആഗോള-പ്രാദേശിക വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു,” കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്. ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിപൂലീകരിക്കുന്നതിനുള്ള വഴികളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു.
“ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഒരു നല്ല കൂടിക്കാഴ്ചയോടെയാണ് ദിവസം ആരംഭിച്ചത്. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു,” ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.
അതേസമയം ജിസിസി അംഗ രാജ്യങ്ങളിലെ മറ്റ് വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍,കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍ ഉള്‍പ്പെടുന്നത്.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, എന്നീ മേഖലകളില്‍ ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.