കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം തുടങ്ങിയ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കൈകാര്യം ചെയ്യാനുമായി തന്റെ സമയവും സമ്പത്തും മാറ്റിവയ്ക്കാറുള്ള ഒരാളാണ് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. എന്നാൽ ലോകത്തിലെ വലിയ ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തനിക്ക് കഴിഞ്ഞുവെന്നും അതേസമയം, ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ യുവതലമുറയെ ആശ്രയിക്കേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. മറ്റ് ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തനിക്കു കഴിഞ്ഞുവെങ്കിലും ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ പോരാടുന്നത് ഒരു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകളുമായി നടത്തിയ സംഭാഷണമാണ് ഈ പ്രശ്നത്തിന്റെ ആഘാതത്തെക്കുറിച്ച് തന്റെ കണ്ണുതുറപ്പിച്ചതെന്ന് ബിൽ ഗേറ്റ്സ് പറയുന്നു.
ഓൺലൈനിൽ തന്റെ കുടുംബത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ചും മകളായ ഫീബി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ‘തന്റെ മകൾ സൈബർ ലോകത്ത് എത്രത്തോളം വേട്ടയാടപ്പെട്ടു എന്നും അവളുടെ സുഹൃത്തുക്കൾ അതിനെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചും അവളുടെ സംസാരത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുവരെ ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല’ ബിൽ ഗേറ്റ്സ് പറഞ്ഞു.
മൈക്രോസോഫ്റ്റ് ആരംഭിച്ചപ്പോൾ ആളുകൾ കമ്പ്യൂട്ടറും ഇൻ്റർനെറ്റും വളരെ ഉത്തരവാദിത്തത്തോടെ മാത്രം ഉപയോഗിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും ബിൽ ഗേറ്റ്സ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കാതെ തെറ്റായ വിവരങ്ങളുടെ വ്യാപനം എങ്ങനെ തടയാമെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിക്കുന്നതും വർധിച്ചു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയുടെ പുരോഗതി ഇത്തരം പ്രശ്നങ്ങളിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും വലിയ ആഗോള അപകടമായി നിർമിത ബുദ്ധി(Artificial Intelligence-AI) സൃഷ്ടിച്ച തെറ്റായ വിവരങ്ങളായിരിക്കുമെന്ന് 2023-ലെ വേൾഡ് ഇക്കണോമിക് ഫോറം സർവേയിൽ വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിൽ സർക്കാരും ടെക് കമ്പനികളും ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് 55% അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി പ്യൂ റിസർച്ച് സെൻ്റർ നടത്തിയ സർവേയിലും കണ്ടെത്തിയിരുന്നു.