വാഷിങ്ടൺ: ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും രണ്ടാംകിടക്കാരായാണ് ആർ.എസ്.എസ് കാണുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ സന്ദർശനത്തിനെത്തിയ അദ്ദേഹം വാഷിങ്ടൺ ഡി.സിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
തമിഴ്, മറാത്തി, ബംഗാളി, മണിപ്പൂരി എന്നിവയെല്ലാം ആർ.എസ്.എസിന് രണ്ടാംകിട ഭാഷകളാണ്. ഈ വേർതിരിവിനെതിരെയാണ് ഇന്ത്യയിലെ പോരാട്ടം. സ്വന്തം മതവിശ്വാസം പുലർത്താൻ എല്ലാവർക്കും സാധിക്കുന്ന സ്ഥിതിയുണ്ടാകണം. ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്.
അതിനർഥം, ഭാഷകളുടെയും പാരമ്പര്യങ്ങളുടെയും ചരിത്രങ്ങളുടെയും കൂട്ടായ്മയാണ് ഇന്ത്യയെന്നാണ്. എന്നാൽ, ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയല്ലെന്നാണ് ആർ.എസ്.എസ് വാദം. വെറുപ്പ് പ്രചരിപ്പിക്കരുതെന്നും ഭാഷകളെയും മതങ്ങളെയും സമുദായങ്ങളെയും ജനങ്ങളെയും ബഹുമാനിക്കണമെന്നുമാണ് തങ്ങൾ പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.