ഫിലഡൽഫിയ: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിർണായകമായേക്കാവുന്ന പ്രസിഡൻഷ്യൽ ഡിബേറ്റ് അൽപ സമയത്തിനുള്ളിൽ ആരംഭിക്കും . എബിസി ന്യൂസിൻ്റെ നേതൃത്വത്തിൽ പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെൻ്ററിലാണ് സംവാദം നടക്കുക. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9 ന് (ഇന്ത്യൻ സമയം രാവിലെ 6.30 ) ആരംഭിക്കുന്ന ലൈവ് ടെലിവിഷൻ സംവാദം 90 മിനിറ്റ് നീളും. പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിലുള്ള എൻസിസി സെന്ററാണ് എബിസി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിന്റെ വേദി.
എബിസി ന്യൂസ് ലൈവ്, ഡിസ്നി പ്ലസ്, ഹുലു പ്ലാറ്റ്ഫോമുകളിലും സംവാദം സ്ട്രീം ചെയ്യും. റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എബിസിയുടെ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സംവാദ വ്യവസ്ഥകളിൽ ഉറപ്പ് ലഭിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു.
സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും, സ്ഥാനാർത്ഥി കുറിപ്പുകൾ കൈവശം വയ്ക്കരുത്, മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ല, കാണികൾ ഉണ്ടാകില്ല തുടങ്ങി പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച നിബന്ധനകൾ പാലിക്കും.