കോഴിക്കോട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകൾ പെരുപ്പിച്ച് കാട്ടിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു മൃതദേഹം സംസ്കാരിക്കാൻ 75,000 രൂപ എന്നൊക്കെയുള്ള കണക്ക് മരിച്ചവരുടെ ആത്മാക്കളെ പോലും അപമാനിക്കുന്നതാണെന്ന് മുരളീധരൻ പറഞ്ഞു.
‘ഈ കണക്ക് തികച്ചും ദൗർഭാഗ്യകരമാണ്. പ്രത്യേകിച്ചും ഒരു ശവസംസ്കാരത്തിന് 75,000 രൂപ എന്നൊക്കെയുള്ള കണക്ക് ആ മരിച്ചവരുടെ ആത്മാക്കളെ പോലും അപമാനിക്കുന്നതാണ്. കേന്ദ്രത്തിന് കണക്ക് കൊടുക്കുമ്പോൾ അത് ഊതിപ്പെരുപ്പിച്ച കണക്കാവരുത്. കണക്കുകൾ സുതാര്യമല്ല. കിട്ടയതെത്ര, ചെലവഴിച്ചതെത്ര എന്നിവയുടെ വ്യക്തമായ കണക്ക് പുറത്തുവിടാൻ സർക്കാർ മടിച്ചാൽ പിന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും നയാപൈസ നൽകാത്ത അവസ്ഥ വരും.’ -മുരളീധരൻ പറഞ്ഞു.
ആക്ച്വൽസ് എന്നതിലൂടെ എന്താണ് അര്ഥമാക്കിയിരിക്കുന്നത്? -ചെന്നിത്തല
തൃശൂർ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കണക്കുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയല്ലെന്ന് സര്‍ക്കാർ വിശദീകരിച്ചെങ്കിലും വിഷയത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സത്യസന്ധമായ നിലപാട് കൈക്കൊള്ളുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും വേണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്റ്റിമേറ്റില്‍ ആക്ച്വൽസ് എന്ന് കാണിച്ച ഭാഗം യഥാര്‍ഥത്തില്‍ ചെലവഴിച്ച തുകയാണോ.? ഈ പേമെന്റുകള്‍ യഥാര്‍ഥത്തില്‍ നടത്തിയിട്ടുണ്ടോ. അതിന്റെ ബില്ലുകള്‍ സര്‍ക്കാര്‍ വശം ഉണ്ടോ. ആക്ച്വൽസ് എന്നതിലൂടെ എന്താണ് അര്ഥമാക്കിയിരിക്കുന്നത്? -ചെന്നിത്തല ചോദിച്ചു.