ന്യൂയോർക്ക്: യു.എസിലെ ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രം നശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ക്ഷേത്രം നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ യു.എസ് പൊലീസിനോട് ആവശ്യപ്പെട്ടു.
”ന്യൂയോർക്കിലെ മെൽവില്ലിലെ ക്ഷേത്രത്തിനെതിരെ നടന്ന അതിക്രമം ഒരിക്കലും ന്യായീകരിക്കാനാവില്ല. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. യു.എസ് ലോ എൻഫോഴ്സ്മെന്റ് അതോറിറ്റിയുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്. ക്ഷേത്രം നശിപ്പിച്ച അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. -എന്നാണ് ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ കുറിച്ചത്.
സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും യു.എസ് ജസ്റ്റിസ് ഡിപാർട്മെന്റിനോട് ആവശ്യപ്പെട്ടു. അടുത്തിടെ യു.എസിലെ ഹിന്ദുക്കളെയും ഇന്ത്യൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഖലിസ്ഥാൻ വാദി ഗുർപത്വന്ത് സിങ് പന്നൂൺ ഭീഷണി മുഴക്കിയ കാര്യവും ഫൗണ്ടേഷൻ ശ്രദ്ധയിൽ പെടുത്തി.