തൃശൂര്‍: ബി.െജ.പി.യില്‍ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്ന് സംഗീതസംവിധായകന്‍ മോഹന്‍ സിത്താര. ഈ മാസം രണ്ടിനാണ് ഇദ്ദേഹം അംഗത്വമെടുത്തതായി ബി.ജെ.പി. തൃശൂര്‍ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്. ഇപ്പോള്‍ മോഹന്‍ സിത്താര സാമൂഹികമാധ്യമത്തില്‍ പറയുന്നതു ചുവടെ.
എല്ലാ കക്ഷിരാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് ആത്മാര്‍ഥ സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഏതെങ്കിലും ഒന്നില്‍, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് എന്നെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാന്‍ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍വന്ന് ഷാള്‍ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.
ഒട്ടുമിക്ക രാഷ്ട്രീയക്കാരും വീട്ടില്‍ വരാറുണ്ട്. ഏവരും ക്ഷണിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ഒരു കലാകാരന്റെ ധാര്‍മികത എന്ന നിലയ്ക്ക് ഒഴിവനുസരിച്ചു ഞാന്‍ പോകാറുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള പൊതുസമൂഹത്തിന്റെ ഭാഗമാകാനേ എനിക്കാവൂ. അനുമോദിക്കാന്‍ വന്ന എന്റെ സുഹൃത്തുക്കളും മറ്റു കക്ഷിരാഷ്ട്രീയത്തിലുള്ള എന്റെ സുഹൃത്തുക്കളും പൊതുസമൂഹവും എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
സമൂഹത്തിലെ എല്ലാവരെയും ഉള്‍കൊണ്ടു സംഗീതത്തില്‍ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാന്‍. ദയവുചെയ്ത് അനാവശ്യ ചര്‍ച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു. ഈ വിഷയം ഞാന്‍ ഇവിടെ സവിനയം അവസാനിപ്പിക്കുന്നു. ഇനിയും ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ക്ക് എനിക്കാവില്ല. കാരണം, ഇതില്‍ക്കൂടുതല്‍ വിശദീകരിക്കാനൊന്നും തനിക്കറിയില്ലെന്നും കുറിപ്പില്‍ പറയുന്നു