വാഷിങ്ടൺ: ഡോണാൾഡ് ട്രംപുമായുള്ള സംവാദത്തിന് ശേഷം കമല ഹാരിസിന്റെ പിന്തുണ വർധിച്ചുവെന്ന് റിപ്പോർട്ട്. സംവാദത്തിന് ശേഷം വിവിധ പോളുകളിൽ കമല ഹാരിസിന് പിന്തുണയേറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന 538 മോഡലുകളിൽ മുൻതൂക്കം ഇപ്പോൾ കമല ഹാരിസിനാണ്. ഇപ്സോസ്-റോയിട്ടേഴ്സ് പോൾ പ്രകാരം ഒരു ശതമാനവും ആർ.എം.ജി റിസേർച്ച് പോളിങ് അനുസരിച്ച് രണ്ട് പോയിന്റും മോണിങ് കൺസൾട്ടന്റ് പ്രകാരം രണ്ട് പോയിന്റും ബിഗ് വില്ലേജിന്റെ പോൾ പ്രകാരം ഒരു ശതമാനവും സോകാൾ സ്ട്രാറ്റജീസ് പ്രകാരം ഒരു പോയിന്റിന്റെ നേട്ടവും കമല ഹാരിസിനുണ്ട്.
ദേശീയതലത്തിൽ നടത്തുന്ന പോളുകളിൽ കമലഹാരിസിന് ഡോണാൾഡ് ട്രംപിനേക്കാൾ 2.9 പോയിന്റ് നേട്ടമുണ്ട്. സംവാദത്തിന് മുമ്പ് ഇത് 2.5 ശതമാനമായിരുന്നു. 0.4 ശതമാനം അധികനേട്ടം ഉണ്ടാക്കാൻ സംവാദത്തിന് ശേഷം കമല ഹാരിസിന് സാധിച്ചിട്ടുണ്ട്.
നിലവിലെ വിവിധ സർവേകൾ പ്രകാരം ഡോണൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യത 39 ശതമാനം മാത്രമാണ്. കമല ഹാരിസിന്റെ സാധ്യത 61 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. അതേസമയം, പോളുകളുടെ ഫലങ്ങളിൽ ആധികാരികതയില്ലെന്ന വാദവും ഉയരുന്നുണ്ട്.
2016ലെ പൊതു തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് 90 ശതമാനം വിജയസാധ്യത പ്രവചിച്ചിരുന്നുവെന്നും എന്നാൽ, ഫലം മറ്റൊന്ന് ആവുകയായിരുന്നുവെന്നും ഈ വാദം ഉയർത്തുന്നവർ പറയുന്നു.